പരമ്പരക്ക് മുന്നേ സൂര്യകുമാർ എന്നോട് അത് പറഞ്ഞിരുന്നു, അതിനാൽ കരുതിയാണ് ഇറങ്ങിയത്; വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

സഞ്ജു സാംസണെ സംബന്ധിച്ച് ഇന്ത്യൻ ടീമിലെത്തിയ ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇന്നലെ ഉണ്ടായത് പോലെ ഒരു സന്തോഷം അദ്ദേഹത്തിന് മുമ്പെങ്ങും ഉണ്ടായി കാണില്ല. കാരണം ഇന്ന് ഇല്ലെങ്കിൽ ഒരിക്കലും ഇല്ല എന്ന ചിന്തയിൽ വമ്പൻ സമ്മർദ്ദത്തിൽ കളത്തിൽ ഇറങ്ങിയ സഞ്ജു കളിച്ചത് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് തന്നെ ആയിരുന്നു. 47 പന്തിൽ 111 റൺ നേടി ഇന്ത്യയുടെ 297 എന്ന കൂറ്റൻ സ്‌കോറിൽ സഞ്ജു വലിയ സംഭാവന നൽകുന്നു.

തട്ടിയും മുട്ടിയും ഒകെ കളിക്കുന്ന ടീമിൽ പിടിച്ചുനിൽക്കാൻ കളിച്ച ഒരു ഇന്നിങ്സിനെക്കാൾ താൻ എന്താണോ തന്റെ റേഞ്ച് എന്താണോ എന്ന് ലോകത്തിനെ കാണിച്ചുകൊടുത്ത ഇന്നിംഗ്സ് തന്നെ ആയിരുന്നു ഇന്നലെ പിറന്നത്. മത്സരശേഷം മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാര വേളയിൽ തനിക്ക് നായകനും പരിശീലകനും തന്ന പിന്തുണയെക്കുറിച്ച് സഞ്‍ജു ഇങ്ങനെയാണ് പറഞ്ഞത്- “ഞാൻ ലങ്കൻ പര്യടനത്തിൽ തുടർച്ചയായി രണ്ട് തവണ പൂജ്യത്തിന് പുറത്തായി. ഇനി എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് കേരളത്തിലേക്ക് മടങ്ങി. പക്ഷേ എൻ്റെ ക്യാപ്റ്റനും പരിശീലകനും എന്നെ പിന്തുണച്ചു. നിനക്ക് ഒരുപാട് കഴിവുണ്ടെന്ന് ഞങ്ങൾക്ക് അറിയാം എന്നും ഞങ്ങൾ നിന്നെ എന്തൊക്കെ വന്നാലും പിന്തുണക്കുമെന്നും പരിശീലകനും നായകൻ സൂര്യകുമാറും പറഞ്ഞുകൊണ്ടിരുന്നു. ഇതായിരുന്നു എന്റെ ബലം.” സഞ്ജു പറഞ്ഞു.

തുടർന്ന് അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു- “ഈ സീരീസിന് 3 ആഴ്‌ച മുമ്പ് ലീഡർഷിപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു സന്ദേശം ലഭിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. സൂര്യ, ഗൗതി ഭായി, അഭിഷേക് എന്നിവർ എന്നോട് പറഞ്ഞു ‘നിങ്ങൾ ഓപ്പൺ ചെയ്യും’. നേരത്തെ എന്നോട് പറഞ്ഞത് ശരിയായ തയ്യാറെടുപ്പ് നല്കാൻ എന്നെ സഹായിച്ചു. ഞാൻ RR അക്കാദമിയിലേക്ക് പോയി, ഒരുപാട് കാര്യങ്ങൾ ചെയ്തു. ന്യൂ ബോളുകൾ നേരിട്ടു. അത് എന്നെ സഹായിച്ചു”. ഇതാണ് സഞ്ജു പറഞ്ഞത്.

എന്തായാലും വരാനിരിക്കുന്ന ടി 20 പരമ്പരയിലൊക്കെ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഈ പ്രകടനം സഞ്ജുവിനെ സഹായിക്കും. അവിടെയും ഈ മികവ് കാണിച്ചാൽ ഇന്ത്യയുടെ ടി 20 ഓപ്പണിങ് സ്ഥാനത് നിന്ന് സഞ്ജുവിന് പുറത്തുപോകേണ്ടതായി വരില്ല എന്ന് ഉറപ്പാണ്.