ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തകർത്തെറിഞ്ഞ് ആർസിബി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ നല്ല രീതിയിൽ പ്രചാരം ഏറ്റുവാങ്ങിയെങ്കിലും 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ഇത് കൂടാതെ ആർസിബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും ടീമിന് ഗുണം ചെയ്തു. മുംബൈക്കായി തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല.
വമ്പൻ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് മത്സരം പതുക്കെ പിടിച്ചെടുക്കുന്ന ഘട്ടത്തിലേക്ക് തങ്ങളുടെ ടീമിനെ എത്തിക്കാൻ ഇരുവർക്കും ആയി. കളിയുടെ 13-ാം ഓവർ മുതൽ മുംബൈ ഗിയർ മാറ്റി. അവിടെ അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞ സുയാഷ് ശർമ്മയുടെ ഓവറിൽ തിലക് 15 റൺ നേടി. ശേഷം ജോഷ് ഹേസൽവുഡിനെ ഹാർദിക് പാണ്ഡ്യ തലങ്ങും വിലങ്ങും പായിച്ചു. 2 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 22 റൺസാണ് ഹാർദിക് ഈ ഓവറിൽ അടിച്ചെടുത്തത്. പിന്നാലെ 15-ാം ഓവറിൽ സഹോദരൻ ക്രുനാൽ പാണ്ഡ്യയെയും ഹാർദിക് വെള്ളം കുടിപ്പിച്ചു. രണ്ടാം പന്തും മൂന്നാം പന്തും സിക്സ് പറത്തിയ ഹാർദിക് കളി തിരിച്ചു. അവിടെ നിന്ന് ജയം ഉറപ്പിച്ച മുംബൈക്ക് പണി കൊടുത്തത് ഭുവിയും ജോഷ് ഹേസൽവുഡും തങ്ങളുടെ പരിചയസമ്പത്ത് ഉപയോഗിച്ചപ്പോൾ ആയിരുന്നു. ഭുവി തിലകിനെയും ജോഷ് ഹാർദിക്കിനെയും മടക്കി.
എന്തിരുന്നാലും 11 . 6 ഓവറിൽ 99 – 4 എന്ന നിലയിൽ നിന്നും 17 . 4 ഓവറിൽ 188 – 5 എന്ന നിലയിലേക്ക് ടീമിനെ എത്തിക്കാൻ ഇരുവർക്കും ആയി. മികച്ച രീതിയിൽ ടീമിനായി പൊരുതിയ താരങ്ങൾക്ക് അഭിനന്ദനം കിട്ടുമ്പോൾ സഹതാരം സൂര്യകുമാർ ഇവർക്ക് പിന്തുണയുമായി ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ഇരുവരുടെയും ചിത്രങ്ങൾ വെച്ച് ഇങ്ങനെ കുറിച്ചു- ” നമ്മുടെ ദിവസം അല്ലായിരുന്നു. പക്ഷെ നിങ്ങൾ നന്നായി പൊറുതി”
എന്തായാലും മുംബൈ ടീമിൽ താരങ്ങൾ തമ്മിൽ യോജിപ്പ് ഇല്ലെന്നും പ്രശ്നങ്ങൾ ആണെന്നും പറയുന്ന സ്ഥലത്താണ് സൂര്യകുമാർ ടീമിലെ ഏറ്റവും പ്രധാന താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് വന്നത്.