ടി20 ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ പ്രതികരണവുമായി വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. തങ്ങളുടേത് തികച്ചും അസ്വീകാര്യമായ പ്രകടനമായിരുന്നെന്നും എന്നാല്‍ ഇതില്‍ തളരില്ലെന്നും ശക്തമായി തിരിച്ചു വരുമെന്നും പൊള്ളാര്‍ഡ് മത്സര ശേഷം സംസാരിക്കവേ പറഞ്ഞു.
‘വിശദീകരിക്കാന്‍ വളരെയധികം കാര്യങ്ങളില്ല. ഇത് തികച്ചും അസ്വീകാര്യമായ പ്രകടനമായിരുന്നു. പക്ഷേ ഇത് മറികടക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഗെയിമുകള്‍ നമ്മള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇന്ന് ഞങ്ങള്‍ക്ക് ബാലന്‍സ് കണ്ടെത്താന്‍ കഴിയാത്ത ദിവസമായിരുന്നു, പക്ഷേ ഇത് മറന്ന് ഞങ്ങള്‍ക്ക് മുന്നോട്ട് പോകണം.’
‘ഞങ്ങളുടെ ചുണക്കുട്ടികള്‍ അവരുടെ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചു, അത് നടന്നില്ല. അത് ഒരു തരത്തിലുള്ള പരിഭ്രാന്തിയും ഞങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവരുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ ലോകമെമ്പാടും ധാരാളം ടി20 ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇത് ഞങ്ങള്‍ എല്ലാവരും അനുഭവിച്ചിട്ടുള്ള കാര്യമാണ്. ഇത്തരം ദിവസങ്ങള്‍ നിങ്ങള്‍ ചിലസമയം അഭിമുഖീകരിക്കേണ്ടിവരും. ഇതൊരു അന്താരാഷ്ട്ര കായിക രംഗമാണ്. തോല്‍വികള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ’ പൊള്ളാര്‍ഡ് പറഞ്ഞു.
Read more
വെറും 55 റണ്‍സിന് പുറത്തായ കരീബിയന്‍ പട ഇംഗ്ലണ്ടിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. ടി20 ലോക കപ്പിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോര്‍ എന്ന അപമാനകരമായ റെക്കോര്‍ഡ് ഇതോടെ വിന്‍ഡീസ് സ്വന്തമാക്കി. ടെസ്റ്റ് പദവിയുള്ള ഒരു ടീം ടി20 ലോക കപ്പില്‍ ഇത്ര ചെറിയ സ്‌കോറിന് പുറത്താകുന്നത് ഇതാദ്യം. ചെറു സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചതാണ് വിന്‍ഡീസിന് ലഭിച്ച ഏക ആശ്വാസം. സ്‌കോര്‍: വിന്‍ഡീസ്-55 (14.2 ഓവര്‍) ഇംഗ്ലണ്ട്-56/4 (8.2)