ടി20 ലോകകപ്പ് 2024: മഴ ഉറപ്പ്, റിസര്‍വ് ഡേ ഇല്ല, കളി നടന്നില്ലെങ്കില്‍ മത്സര ഫലം ഇങ്ങനെ

ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. കനത്ത മഴ മത്സരം തടപ്പെടുത്തുമെന്നാണ് വിവരം. കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് മഴ 60 ശതമാനവും മത്സരത്തെ ബാധിക്കും. പ്രാദേശിക സമയം രാവിലെ 10:30 ന് 33% ആണ് മഴ സാധ്യത പ്രവചനം, ഉച്ചയ്ക്ക് 1 മണിക്ക് ഇത് 59% ആയി ഉയരും. മഴ വൈകുന്നത് കളിക്കാരെയും ആരാധകരെയും നിരാശരാക്കും.

അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ഡേയില്ല. എന്നാല്‍ എല്ലാവരും കാത്തിരിക്കുന്ന പോരാട്ടമായതിനാല്‍ 250 മിനിട്ടാണ് കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. പൊതുവേ ടി20 മത്സരത്തിനിടെ മഴ പെയ്താല്‍ 60 മിനിട്ടാണ് കട്ട് ഓഫ് ടൈം. മഴ പെയ്താലും നാലര മണിക്കൂറോളം കാത്തിരുന്നും മത്സരം നടത്താനുള്ള തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്.

എട്ട് മണിക്ക് മത്സരം ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ 12.10വരെ മത്സരം ആരംഭിക്കാനുള്ള ശ്രമം നടത്തും. 12.10ന് ആരംഭിച്ചാലും മുഴുവന്‍ ഓവറായാവും മത്സരം നടത്തുക. അതിലും കൂടുതല്‍ മത്സരം വൈകിയാലേ 10 ഓവര്‍ മത്സരമാക്കി ചുരുക്കുകയുള്ളൂ. അഞ്ച് ഓവര്‍ മത്സരമായി സെമി ഫൈനല്‍ നടത്തില്ല.

മത്സരം നടത്താനുള്ള അവസാന സാധ്യത 1.10നാണ് പരിശോധിക്കുന്നത്. എന്നിട്ടും മത്സരം നടക്കാതെ വന്നാല്‍ കളി ഉപേക്ഷിക്കുകയും ഇന്ത്യ ഫൈനലിലെത്തുകയും ചെയ്യും.സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് ചാമ്പ്യരായി എത്തിയതാണ് ഇന്ത്യയ്ക്കിവിടെ മുതല്‍ക്കൂട്ടാവുക. അതേസമയം ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചത്.