വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ തിരഞ്ഞെടുത്ത് ശ്രീലങ്കന്‍ ഇതിഹാസ നായകനും നിലവിലെ രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ടി20 ലോകകപ്പില്‍ ടീം ഇന്ത്യയാണ് ഫേവറിറ്റുകളെന്ന് കുമാര്‍ സംഗക്കാര പറഞ്ഞു. ഇന്ത്യ സന്തുലിതമായ ടീമാണെന്ന് പറഞ്ഞ സംഗക്കാര ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിര, ശക്തരായ ഓള്‍റൗണ്ടര്‍മാര്‍, ഉയര്‍ന്ന നിലവാരമുള്ള സ്പിന്‍ ആക്രമണം എന്നിവ എടുത്തുകാട്ടി.
അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യ എല്ലായ്‌പ്പോഴും വളരെ ശക്തരാണെന്ന് ടീമിന്റെ ചരിത്രപരമായ വിജയത്തെയും വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവിനെയും അംഗീകരിച്ചുകൊണ്ട് സംഗക്കാര പറഞ്ഞു. പിച്ചിനെയും എതിരാളിയെയും അടിസ്ഥാനമാക്കി ടീമിന്റെ ഘടനയെക്കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിവരമുള്ള തീരുമാനങ്ങള്‍ എടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അവര്‍ക്ക് ആഴത്തിലുള്ള ബാറ്റിംഗ് ലൈനപ്പ് വേണോ അതോ അവരുടെ ബോളിംഗില്‍ കൂടുതല്‍ ശക്തി വേണോ എന്നതിനെ ആശ്രയിച്ച് അവര്‍ക്ക് രണ്ടോ മൂന്നോ വ്യത്യസ്ത കോമ്പിനേഷനുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത് ശരിക്കും സമതുലിതമായ ടീമാണ്, വളരെ ശക്തമായ ഒരു സ്‌ക്വാഡാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യ എല്ലായ്‌പ്പോഴും വളരെ ശക്തമാണ്- സംഗക്കാര കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. സീനിയര്‍ താരം കെഎല്‍ രാഹുലിന് ടീമില്‍ ഇടംലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (സി), ഹാര്‍ദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസര്‍വ് താരങ്ങള്‍: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍.