നാശം വിതച്ച് സ്പിന്നര്‍മാര്‍; നമീബിയയെ എറിഞ്ഞൊതുക്കി ഇന്ത്യ

ടി 20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയ ലക്ഷ്യം. സ്പിന്നര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ എട്ടിന് 132 എന്ന നിലയില്‍  നമീബിയയെ ഇന്ത്യ ഒതുക്കുകയായിരുന്നു. 25 ബോളില്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍.

സ്റ്റീഫന്‍ ബാര്‍ഡ് (21), ജാന്‍ ഫ്രൈലിങ്ക്(15), മൈക്കല്‍ വാന്‍ ലിംഗന്‍ (14), റൂബന്‍ (13), ജെര്‍ഹാര്‍ഡ് എറാസ്മസ് (12) എന്നിവരാണ് നമീബിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങിയും ജഡേജ 16 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബുംറ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Image

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  വരുണ്‍ ചക്രവര്‍ത്തിയ്ക്ക് പകരം രാഹുല്‍ ചഹാറിന് ടീമിലിടം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.

ടി20 നായകനായുള്ള കോഹ്‌ലിയുടെയും  പരിശീലകനായുള്ള രവി ശാസ്ത്രിയുടെ അവസാന മത്സരവുമാണിത്. സെമി ഫൈനലിലേക്കുള്ള വാതില്‍ അടഞ്ഞതോടെ ടീം ഇന്ത്യ ടി20 ലോക കപ്പിലെ അവസാന മല്‍സരത്തില്‍ ഗംഭീര വിജയവുമായി നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറടുപ്പിലാണ്.

Image

Read more

ഞായറാഴ്ച വൈകീട്ട് നടന്ന കളിയില്‍ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലാന്റ് മികച്ച വിജയം കൊയ്തതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ അവസാനിച്ചത്. മത്സരത്തില്‍ അഫ്ഗാന്‍ ജയിച്ചിരുന്നെങ്കില്‍ നമീബയെ പരാജയപ്പെടുത്തുന്നതിലൂടെ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാമായിരുന്നു.