അച്ചടക്കവും ഫിറ്റ്നസും ശ്രദ്ധിക്കുക മകനെ, ഇന്ത്യൻ യുവതാരത്തിന് തുറന്ന കത്ത് എഴുതി ഗ്രെഗ് ചാപ്പൽ; ചർച്ചയാക്കി ആരാധകർ

ഓസ്‌ട്രേലിയൻ ഇതിഹാസവും മുൻ ഇന്ത്യൻ പുരുഷ പരിശീലകനുമായ ഗ്രെഗ് ചാപ്പൽ, യുവതാരം പൃഥ്വി ഷായ്ക്ക് പിന്തുണയും ഉപദേശവും നൽകി ഒരു കത്ത് എഴുതി രംഗത്ത്. സ്വയം പ്രതിഫലിപ്പിക്കാനും അച്ചടക്കം കണ്ടെത്താനും ജീവിതശൈലി തിരുത്താനും പശ്ചാത്തപിക്കേണ്ടതില്ലെന്നും താരത്തോട് ഇതിഹാസ പരിശീലകൻ പറഞ്ഞു.

2018-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ശേഷം ഷായുടെ കരിയർ താഴേക്ക് പോയി. ആരോപണവിധേയമായ അച്ചടക്ക പ്രശ്‌നങ്ങൾ, ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്, പൊലീസ് കേസ്, ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ, റിക്കി പോണ്ടിംഗിനെപ്പോലുള്ളവരുടെ പ്രതികൂലമായ അഭിപ്രായങ്ങൾ എന്നിവ താരത്തിന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്.

24 വയസ് മാത്രം പ്രായമുള്ള താരത്തിന് ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവ് നിലവിൽ സഹചര്യത്തിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫിറ്റ്നസ് ആശങ്കകൾ കാരണം മുംബൈ സ്റ്റേറ്റ് രഞ്ജി ട്രോഫി ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. തനിക്ക് പണ്ട് ഉണ്ടായ സമാനമായ അവസ്ഥയാണ് ഇപ്പോൾ ഷാക്ക് എന്നും അതിൽ നിന്ന് കരകയറണം എന്നും കത്തിൽ പറഞ്ഞു.

“എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്ക. ബോൾ ബൈ ബോൾ കളിക്കാൻ ശ്രമിക്കുക. ഇതിനൊക്കെ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായില്ലെന്ന് വരാം, എല്ലാവരും എതിർത്തെന്ന് വരാം. ആ സമയം ഫിറ്റ്നസിൽ ശ്രദ്ധിക്കുക, കരിയറിൽ ശ്രദ്ധിക്കുക, നന്നായി അധ്വാനിക്കുക ഇതൊക്കെ ആണ് ചെയ്യേണ്ടത്.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഓർക്കുക, തിരിച്ചടികൾ എല്ലാ മികച്ച കായികതാരങ്ങളുടെയും കഥയുടെ ഭാഗമാണ്. ഡോൺ ബ്രാഡ്മാനെപ്പോലുള്ള ഇതിഹാസങ്ങൾ പോലും വിമർശനത്തിന് വിധേയരാകുകയുംപോരാടേണ്ടി വരികയും ചെയ്തു. വെല്ലുവിളികൾ ഒഴിവാക്കുകയല്ല, മറിച്ച് അവരോട് എങ്ങനെ പ്രതികരിച്ചു എന്നതാണ് അവരെ മികച്ചവരാക്കിയത്.”

ഷാ അഭിമുഖീകരിക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ സമയമാണെന്നും എന്നാൽ അത് തൻ്റെ കരിയറിലെ വഴിത്തിരിവായേക്കാമെന്നും പറഞ്ഞുകൊണ്ടാണ് ചാപ്പൽ കത്ത് ആരംഭിച്ചത്. ഷായ്ക്ക് ഇനിയും തിരിച്ചുവരാൻ സാധിക്കുമെന്നാണ് ചാപ്പൽ പറഞ്ഞത്.