ആ ഇംഗ്ലണ്ട് താരം ചതിച്ചു, അല്ലെങ്കില്‍ ഇന്ത്യ തോറ്റേനെ; വിലയിരുത്തലുമായി പാക് താരങ്ങള്‍

ഇന്ത്യക്കെതിരായ നിര്‍ണായക നാലാം ടി20യില്‍ ഇംഗ്ലണ്ട് പരാജയപ്പെടാനുള്ള പ്രധാന കാരണം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ജാമി ഒവേര്‍ട്ടന്‍ മൂന്നു ബോളുകള്‍ പാഴാക്കുകയും രണ്ടു സിംഗിളുകള്‍ എടുക്കാതിരിക്കുകയും ചെയ്തതാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയ്ക്ക് കാരണമായതെന്ന് ബാസിത് അലി പറഞ്ഞു.

ജാമി ഒവേര്‍ട്ടന്‍ മൂന്നു ബോളുകള്‍ പാഴാക്കുകയും രണ്ടു സിംഗിളുകള്‍ എടുക്കാതിരിക്കുകയും ചെയ്തു. ഇതാണ് മല്‍സരഫലത്തില്‍ വ്യത്യാസമുണ്ടാക്കിയത്. മഞ്ഞുവീഴ്ചയുടെ ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. പക്ഷെ അതു മുതലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകളും നഷ്ടമായിക്കൊണ്ടിരുന്നു- ബാസിത് അലി വിലയിരുത്തി.

പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും ജാമി ഒവേര്‍ട്ടന്റെ ഇന്നിംഗ്സിനെ വിമര്‍ശിച്ചു. ജാമി ഒവേര്‍ട്ടന്‍ എന്തുകൊണ്ടാണ് സിംഗിളുകളെടുക്കാന്‍ തയ്യാറാവാതിരുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം സിംഗിളെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ചിലപ്പോള്‍ കളിയും ജയിക്കുമായിരുന്നു. രണ്ടോവറില്‍ 25 റണ്‍സ് ചേസ് ചെയ്യാന്‍ സാധിക്കുന്ന സ്‌കോര്‍ തന്നെയായിരുന്നു- അക്മല്‍ ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ 15 ബോള്‍ നേരിട്ട് 19 റണ്‍സാണ് ഓവേര്‍ട്ടന്‍ നേടിയത്. 182 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഈ ടോട്ടലിലേക്കു ബാറ്റ് വീശിയ ഇംഗ്ലീഷ് പട രണ്ടു ബോള്‍ ബാക്കിനില്‍ക്കെ 166 റണ്‍സിനു ഓള്‍ഔട്ടായി.