ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 220 റൺസ് ലക്‌ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.
കളിയുടെ ഒരു ഘട്ടത്തിൽ 100 – 5 എന്ന നിലയിൽ തകർന്ന പഞ്ചാബിനെ പ്രിയാൻഷ് ആര്യയുടെ തകർപ്പൻ മികവാണ് രക്ഷിച്ചത്. ഓപ്പണറായി ക്രീസിൽ എത്തി ഓരോ സഹതാരങ്ങളും മാറി മാറി വരുമ്പോൾ പോലും ആറ്റിട്യൂട് വീടാതെ ഒരേ താളത്തിൽ കളിച്ച ഇന്നിങ്സ് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായി മാറിയിരിക്കുന്നു. 150 റൺ പോലും സ്വപ്നം ആയിരുന്ന ടീമിനെ 200 നടത്തിയത് താരത്തിന്റെ ഈ മിന്നൽ ആക്രമണമാണ്.
39 പന്തിൽ കുറിച്ച തകർപ്പൻ സെഞ്ചുറിയിൽ ചെന്നൈയുടെ പേരുകേട്ട എല്ലാ താരങ്ങൾക്കും വയറുനിറയെ കൊടുത്ത യുവതാരം പുറത്താകുമ്പോൾ 42 പന്തിൽ 103 റൺ നേടിയിരുന്നു. എന്തായാലും ഈ മികവിന് താരത്തിന് വലിയ അംഗീകാരമാണ് കിട്ടിയത്. പുരസ്‌കാര ചടങ്ങിൽ എല്ലാ അവാർഡുകളും തന്നെ താരം കൈയിലാക്കി എന്ന് പറയാം. മത്സരത്തിന് ശേഷം ഇതിഹാസ സ്പിന്നർ മുരളി കാർത്തിക് താരത്തോട് സംസാരിക്കുകയും 24 വയസ്സുള്ള താരത്തിന് ഒരു പുതിയ പദവി നൽകുകയും ചെയ്തു. “ബേബിഫേസ് ബോംബർ,” അദ്ദേഹം പറഞ്ഞു.
മത്സരശേഷം പ്രിയാൻഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെ “ഞാൻ ശരിക്കും സന്തോഷവാനാണ്, ബാറ്റ് ഉപയോഗിച്ച് കൂടുതൽ സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിൽ ഞാൻ ആക്രമണ ക്രിക്കറ്റ് കളിക്കും,” അദ്ദേഹം പറഞ്ഞു. “നാനാനി ബാറ്റ് ചെയ്യാൻ ശ്രേയസ് ഭായ് എന്നോട് പറഞ്ഞു. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുക എന്നതാണ് പ്രധാനം. ചെന്നൈയ്‌ക്കെതിരെ അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ നേഹൽ (വധേര) എന്നോട് ആക്രമിച്ച് കളിക്കാൻ പറഞ്ഞു. ഏത് ദിവസവും ഏത് ബൗളർമാർക്കും എന്നെ ബുദ്ധിമുട്ടിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആഭ്യന്തര ക്രിക്കറ്റിലെ ആര്യയുടെ സ്വപ്നതുല്യമായ പ്രകടനം അദ്ദേഹത്തെ 2025 ലെ ഐപിഎൽ ലേലത്തിലെ ഏറ്റവും ആകർഷകമായ താരങ്ങളിൽ ഒരാളാക്കി മാറ്റി. 35,000 ഡോളർ (30 ലക്ഷം രൂപ) എന്ന പ്രാരംഭ വിലയ്ക്കാണ് അദ്ദേഹം ലേലത്തിൽ എത്തിയത്. തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ് എന്നിവർ തമ്മിൽ താരത്തിനെ കിട്ടാൻ ലേലത്തിൽ മത്സരിച്ചു. ഒടുവിൽ 3.8 കോടി രൂപ പഞ്ചാബ് കിംഗ്‌സ് താരത്തെ സ്വന്തമാക്കി.