ഇന്ത്യൻ ടീമൊക്കെ സ്വപ്നം മാത്രമാണ് നിനക്ക്, ഇനിയുള്ള കാലം ഇന്ത്യൻ പ്രീമിയർ ലീഗൊക്കെ കളിച്ച് ജീവിക്കാം; യുവതാരത്തെക്കുറിച്ച് ബാസിത് അലി

ഇഷാൻ കിഷനെ സംബന്ധിച്ചിടത്തോളം അത്ര നല്ല സമയം അല്ല ഇപ്പോൾ. വിക്കറ്റ് കീപ്പർ ബാറ്റർ ബിസിസിഐ സെൻട്രൽ കരാറുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു, യുവതാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാൻ ഉടനെയൊന്നും വഴിയില്ല എന്ന് പറയാം. എന്നിരുന്നാലും, കിഷനെ ദുലീപ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയതോടെ, ദേശീയ ടീമിൽ ഒരു സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാൻ അദ്ദേഹത്തിന് മറ്റൊരു അവസരം നൽകാൻ ബിസിസിഐ തയ്യാറാണെന്ന് പറയാം.

ബുച്ചി ബാബു ടൂർണമെൻ്റിൽ ജാർഖണ്ഡിനായി ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ കിഷൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം താരം ബാസിത് അലി, ദേശീയ ടീമിൽ തിരിച്ചുവരാനുള്ള സാധ്യതകളെക്കുറിച്ച് കിഷൻ ശുഭാപ്തിവിശ്വാസം പുലർത്തേണ്ടതില്ലെന്നും പകരം ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും.

“ഓസ്‌ട്രേലിയ പരമ്പര വരെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലാത്തതിനാൽ ഇഷാൻ കിഷന് ഇപ്പോൾ ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വാസ്തവത്തിൽ, ചാമ്പ്യൻസ് ട്രോഫി വരെ അവസരമില്ല. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാം,” ബാസിത് അലി തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

നവംബറിൽ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയ്ക്ക് ചേതേശ്വര് പൂജാരയുടെ സേവനം നഷ്ടമാകുമെന്നും ബാസിത് അലി പറഞ്ഞു. ഇന്ത്യയ്ക്ക് പരമ്പര ജയിക്കാനായാൽ പോലും പൂജാരയുടെ മുൻകാല പ്രകടനങ്ങളും ഫോമും കണക്കിലെടുക്കുമ്പോൾ പൂജാരയെ പോലെ ഒരു ക്ലാസ് താരത്തിന്റെ സേവനം ഇന്ത്യക്ക് നഷ്ടം തന്നെയെന്നും മുൻ താരം പറഞ്ഞു.