ലോകത്തെ ഏറ്റവും അപകടകാരികളായ പേസ് ബോളര്‍മാര്‍ ലക്ഷ്യം വെച്ചത് വെസ്റ്റിന്‍ഡീസ് കളിക്കാരുടെ വിക്കറ്റുകള്‍ ആയിരുന്നില്ല, മറിച്ച് അവരുടെ തലയും വാരിയെല്ലുകളുമായിരുന്നു...!

‘ലില്ലീ… ലില്ലീ….. കില്‍ കില്‍ കില്‍ ലില്ലീ … ലില്ലീ ….. കില്‍ കില്‍ കില്‍… ‘ 1975 ലെ ഓസ്‌ട്രേലിയന്‍ സമ്മറില്‍ ഗാബ്ബയില്‍ ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ വെസ്റ്റ് ഇന്ത്യന്‍ കളിക്കാരെ ഓസീസ് കാണികള്‍ വരവേറ്റതിങ്ങനെയായിരുന്നു. തങ്ങള്‍ക്ക് എന്താണ് നേരിടാനുള്ളതെന്ന് താരതമ്യേന പുതുമുഖങ്ങളായ വിന്‍ഡീസ് കളിക്കാര്‍ക്ക് മനസ്സിലായതേയില്ല……

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയെ ഫൈനലില്‍ തോല്‍പ്പിച്ച് ആദ്യ ഏകദിന ലോകകപ്പ് വെസ്റ്റിന്‍ഡീസ് നേടിയത് ഓസീസ് കാണികള്‍ക്കും കളിക്കാര്‍ക്കും ദഹിച്ചിട്ടുണ്ടായില്ല. ഓസ്‌ട്രേലിയയില്‍ ടൂറിന് വന്ന വിന്‍ഡീസ് കളിക്കാരെ തങ്ങള്‍ ആരാണെന്ന് അവര്‍ക്ക് കാണിച്ച് കൊടുക്കണമായിരുന്നു. അതിനവര്‍ തിരഞ്ഞെടുത്തത് ഡെഡ്‌ലി വെപ്പണ്‍ ആയ ബൗണ്‍സര്‍ ആയിരുന്നു. ലോകത്തെ ഏറ്റവും അപകടകാരികളായ പേസ് ബൗളര്‍മാര്‍ ഡെന്നിസ് ലില്ലിയും ജെഫ് തോംസണും ലക്ഷ്യം വെച്ചത് വെസ്റ്റിന്ത്യന്‍ കളിക്കാരുടെ വിക്കറ്റുകള്‍ ആയിരുന്നില്ല; മറിച്ച് അവരുടെ തലയും വാരിയെല്ലുകളുമായിരുന്നു……

മല്‍സരം തുടങ്ങി കുറച്ച് നേരത്തിനുള്ളില്‍ വിന്‍ഡീസ് കളിക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി. മല്‍സരം ജയിക്കുന്നതിലുപരി ദേഹത്ത് ബോള്‍ കൊള്ളാതിരിക്കാനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരുന്നത്. ബൗണ്‍സര്‍ ആക്രമണത്തില്‍ മെന്റലി ഡൗണ്‍ ആയ അന്നത്തെ യുവതാരം ഗോര്‍ഡന്‍ ഗ്രീനിഡ്ജിന് സീരീസ് പകുതി വെച്ച് മാറി നില്‍ക്കേണ്ടി വന്നു. വിന്‍ഡീസ് കളിക്കാര്‍ കളിക്കളത്തില്‍ ബ്രൂട്ടലി വേട്ടയാടപ്പെട്ട 6 ടെസ്റ്റ് മല്‍സരങ്ങള്‍ക്കൊടുവില്‍ 5-1 ന് ഓസീസ് പരമ്പര നേടി …….

തോല്‍വിയേക്കാള്‍ മാനസികമായി തളര്‍ന്ന വിന്‍ഡീസുകാര്‍ക്ക് അത് കഴിഞ്ഞ് ഇന്ത്യയുമായി നടന്ന ഹോം സീരിസിലെ രണ്ടാം ടെസ്റ്റില്‍ 400 റണ്‍സ് പോലും ഡിഫന്‍ന്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല. 3-ാം ടെസ്റ്റിന് മുന്നേ ക്യാപ്റ്റന്‍ ക്ലൈവ് ലോയിഡ് ഒരു തീരുമാനമെടുത്തു; എതിര്‍ ബാറ്റര്‍മാരുടെ വാരിയെല്ലുകള്‍ ലക്ഷ്യമാക്കുക, അവരെ ഭയപ്പെടുത്തുക എന്ന തീരുമാനം പിന്നീട് 15 വര്‍ഷത്തോളം വിന്‍ഡീസിന്റേയും ലോകക്രിക്കറ്റിന്റേയും തലവര മാറ്റുന്ന ഒന്നായിരിക്കുമെന്ന് ലോയിഡ് അന്ന് ചിന്തിച്ചിട്ട് പോലുമുണ്ടായിരിക്കില്ല. 4 പേസര്‍മാരുമായി അന്നിറങ്ങിയ വിന്‍ഡീസ് ആക്രമണത്തിന്‍ ഇന്ത്യ പതറിപ്പോയിരുന്നു……

75 ലെ ഓസീസ് ഹ്യൂമിലിയേഷനില്‍ മനം തകരാതെ നിന്ന ഒരേയൊരു വെസ്റ്റിന്ത്യന്‍ യുവതാരമേ ഉണ്ടായിരിന്നൊള്ളൂ. മികച്ച പേസര്‍മാര്‍ക്കെതിരെ ജയിച്ച് കയറണമെങ്കില്‍ അവരെ ഭയപ്പെടുത്തുന്ന ആറ്റിറ്റിയൂഡ് വേണമെന്ന് ആ താരത്തിന് മനസ്സിലായി. തന്റെ സ്വഭാവം അതിനനുസരിച്ച് മാറ്റിയെടുക്കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. അലസമെന്ന് തോന്നിക്കുമെങ്കിലും ഒരു പ്രത്യേക സ്വാഗില്‍ ഒരു തൊപ്പിയും വെച്ച് ക്രീസിലേക്കുള്ള നടത്തം, വന്നയുടനെ ബൗളര്‍ക്ക് നേരെയുള്ള രൂക്ഷമായ നോട്ടം; ഞാനിവിടെയുണ്ട് വീഴ്ത്താമെങ്കില്‍ വീഴ്ത്തടാ എന്ന ആ ആറ്റിറ്റിയൂഡില്‍ തന്നെ ബൗളര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ ആ താരത്തിന് കഴിഞ്ഞു. പിന്നീട് വെസ്റ്റിന്ത്യന്‍ സ്വാഗ്ഗറിന്റെ അപ്പോസ്തലനായ ആ ക്രിക്കറ്റര്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് …..

4 വര്‍ഷങ്ങള്‍ക്ക് ശേഷം 3 ടെസ്റ്റുകള്‍ക്കായി വിന്‍ഡീസ് വീണ്ടും 1979 ല്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നു. അപ്പോഴേക്കും ഓസ്‌ട്രേലിയ നമ്പര്‍ 1 ക്രിക്കറ്റ് ടീം ആയി മാറിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും തുടങ്ങി വിന്‍ഡീസ് കളിക്കാര്‍ പോകുന്ന വഴികളിലെല്ലാം 75 ലെ ഹ്യൂമിലിയേഷനെ പറ്റി കാണികള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരുന്നു. പക്ഷേ വിവ് റിച്ചാര്‍ഡ്‌സിന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തോടെ ആദ്യ ടെസ്റ്റ് ഡ്രോയില്‍ അവസാനിക്കുന്നു. ഓസീസ് കളിക്കാര്‍ക്ക് അതൊരു ഇന്‍സള്‍ട്ടായാണ് തോന്നിയത്…..
രണ്ടാം ടെസ്റ്റില്‍ അവര്‍ തങ്ങളുടെ വജ്രായുധമായ ബൗണ്‍സറുമായി കാത്തിരുന്നത് വിവ് റിച്ചാര്‍ഡ്‌സനെ ആയിരുന്നു. തല വീണാല്‍ പിന്നെ വെസ്റ്റിന്‍ഡീസിനെ തീര്‍ക്കാം എന്നവര്‍ കരുതി….

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ റിച്ചാര്‍ഡ്‌സ് ക്രീസിലേക്ക്. റോഡ്‌നി ഹോഗ്ഗിന്റെ ആദ്യ പന്ത് തന്നെ ഒരു കിടിലന്‍ ബൗണ്‍സര്‍ പതിക്കുന്നത് റിച്ചാര്‍ഡ്‌സിന്റെ തലയിലാണ്. 75 ആവര്‍ത്തിക്കപ്പെടുമെന്ന് വെസ്റ്റിന്ത്യന്‍ കളിക്കാര്‍ ഭയപ്പെട്ട നിമിഷം… ഇനിയൊരു ഹ്യുമിലിയേഷന്‍ കൂടി അവര്‍ക്ക് താങ്ങാനാകുമായിരുന്നില്ല. വിവ് റിച്ചാര്‍ഡ്‌സന്റെ റിയാക്ഷന്‍ അവിടെ നിര്‍ണ്ണായകമായിരുന്നു. പതറുന്നതിന് പകരം ഒന്നും സംഭവിച്ചിട്ടില്ലായെന്ന മട്ടില്‍ വിവ് തൊപ്പിയൊന്ന് നേരെയാക്കി ബാറ്റ് നിലത്ത് കുത്തി അതില്‍ ചെറുതായൊന്ന് ചാരി ഹോഗ്ഗിനെ ചെറു ചിരിയോടെ ഒന്ന് നോക്കി.

അത് കണ്ട് ഫ്രസ്‌ട്രേറ്റഡ് ആയ ഹോഗ്ഗ് റണ്ണപ്പിലേക്ക് നടക്കുമ്പോള്‍ ഒന്നുകൂടി റിച്ചാര്‍ഡ്‌സനെ നോക്കി. അദ്ദേഹം അതേ പൊസിഷനില്‍ നിന്നും ഒട്ടും മാറാനെ ഹോഗ്ഗിനെ തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു.. ഒന്നു കൂടി വാശി കയറിയ ഹോഗ്ഗ് വീണ്ടും ഒരു ബൗണ്‍സര്‍ എറിഞ്ഞു. ഇത്തവണ ആ ബോള്‍ വിശ്രമിച്ചത് ഫൈന്‍ ലെഗിനുമപ്പുറത്തുള്ള പുല്‍മൈതാനിയില്‍ ! പിന്നീട് ഹോഗ്ഗ് എറിഞ്ഞ 4 ഓവറുകള്‍ അയാള്‍ക്ക് നരകതുല്യമായിരുന്നു. 4 ഓവറില്‍ അടിച്ചെടുക്കപ്പെട്ടത് 50 ഓളം റണ്‍സുകള്‍. ആ ടെസ്റ്റില്‍ 6 ഓവര്‍ മാത്രം എറിഞ്ഞ് കയറിപ്പോയ റോഡ്‌നി ഹോഗ്ഗ് പിന്നീട് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത് ഒന്നര വര്‍ഷത്തിന് ശേഷം ……

വിവ് റിച്ചാര്‍ഡ്‌സില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ട് വിന്‍ഡീസ് പേസര്‍മാര്‍ 75 ലെ കടത്തിന് പലിശ സഹിതം തിരിച്ച് കൊടുക്കാന്‍ തുടങ്ങി. ബോര്‍ഡറും ചാപ്പലും മാര്‍ഷുമടക്കമുള്ളവരുടെ റിബ്‌ക്കേജിലേക്കും തലയിലേക്കും പന്തുകള്‍ മൂളിപ്പറക്കാന്‍ തുടങ്ങി. പിന്നീട് ക്രിക്കറ്റ് ലോകം ‘ഫിയര്‍സം ഫോര്‍സം’ എന്ന് ഓമനപ്പേരിട്ട് വിളിച്ച ആന്‍ഡി റോബര്‍ട്ട്‌സ്, മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണ്ണര്‍, കോളിന്‍ ക്രോഫ്റ്റ് എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. ഒടുവില്‍ 3 ടെസ്റ്റ് പരമ്പര 2-0 ന് വിന്‍ഡീസ് ജയിക്കുന്നു…..

പിന്നീട് 15 വര്‍ഷക്കാലം മറ്റു ക്രിക്കറ്റ് ടീമുകളെ ഭയപ്പെടുത്തി ഭരിച്ച ഒരു സാമ്രാജ്യത്തിന് അവിടെ രൂപം കൊള്ളുകയായിരുന്നു…… അതിന് തന്റെ സ്വാഗ് കൊണ്ട് നേതൃത്വം നല്‍കിയത് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സനും ……

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more