ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിന് തയാറെടുക്കുന്ന ശ്രീലങ്കയെ അങ്കലാപ്പിലാക്കി സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരയുടെ പരിക്ക്. തുടയിലെ പേശിക്ക് പരിക്കേറ്റ പെരേര ലോക കപ്പ് കളിക്കില്ലെന്നാണ് സൂചന. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലങ്കന്‍ ഫിസീഷ്യന്‍ പറയുന്നത്.
സ്പ്രിന്റര്‍മാര്‍ക്ക് ഉണ്ടാകുന്നതിന് സമാനമായ പരിക്കാണ് കുശാല്‍ പെരേരയുടേത്. വിക്കറ്റിനിടയിലെ ഓട്ടത്തിലായിരിക്കും അതു സംഭവിച്ചത്. പരിക്കിന്റെ സ്വഭാവം നോക്കുമ്പോള്‍ ഭേദമാകാന്‍ സമയം എടുക്കും- ലങ്കന്‍ ടീം ഫിസീഷ്യന്‍ ദാമിന്‍ഡ അത്തനായകെ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുമായുള്ള അവസാന ട്വന്റി20 മത്സരത്തിലാണ് പെരേരയ്ക്ക് പരിക്കേറ്റത്. ബാറ്റ് ചെയ്യവെ പെരേര മുടന്തുന്നത് കാണാമായിരുന്നു. അതേ മത്സരത്തില്‍ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ലാഹിരു മധുഷന്‍ക ലോക കപ്പ് കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഞായറാഴ്ചയാണ് ട്വന്റി20 ലോക കപ്പിനുള്ള 15 അംഗ ടീം ശ്രീലങ്ക പ്രഖ്യാപിച്ചത്.