യുവ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വിരലിന് പരിക്കേറ്റ സുന്ദര്‍ ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തില്‍ കളിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിനിലെ പരിശീലന മത്സരത്തിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന്റെ വിരലിന് പരിക്കേറ്റത്. കൗണ്ടി ടീമില്‍ പകരക്കാരനായി ഇറങ്ങിയ സുന്ദറിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പന്ത് കൊണ്ടാണ് പരിക്കേറ്റത്. സ്വന്തം ടീമിലെ കളിക്കാരനെതിരെ അത്ര പ്രാധാന്യമൊന്നുമില്ലാത്ത മത്സരത്തില്‍ അമിത ആക്രമണോത്സുകത കാട്ടിയ സിറാജ് കടുത്ത വിമര്‍ശനത്തിന് വിധേയനായിരുന്നു. പിന്നീട് ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയ സിറാജ് നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിചരണത്തിലായിരുന്നെങ്കിലും പരിക്ക് പൂര്‍ണമായും ഭേദമായില്ലെന്നാണ് വിവരം. അതിനാലാണ് ഐപിഎല്ലില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കേണ്ടിവന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഎല്ലിന് തൊട്ടു പിന്നാലെ നടക്കുന്ന ട്വന്റി20 ലോക കപ്പിലും സുന്ദര്‍ കളിക്കാന്‍ സാദ്ധ്യതയില്ല. പരിക്ക് ഭേദമായാല്‍ തന്നെ, ഐപിഎല്ലിന്റെ യുഎഇ പാദത്തില്‍ ഒരു മത്സരം പോലും കളിക്കാത്ത സുന്ദറിനെ താരനിബിഢമായ ഇന്ത്യന്‍ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ വിമുഖത കാട്ടുമെന്നാണ് സൂചന. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള സുന്ദര്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി അതു വിലയിരുത്തപ്പെടും.