CSK UPDATES: നന്നായി കളിക്കുന്നത് അവർ രണ്ടെണ്ണം മാത്രമേ ഉള്ളു, പക്ഷെ മറ്റൊരു വഴിയും ഇല്ല ഒരാളെ പുറത്താക്കണം; ചെന്നൈക്ക് ഉപദേശവുമായി അമ്പാട്ടി റായിഡു

ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) തങ്ങളുടെ മികച്ച ഫോമിലുള്ള രണ്ട് വിദേശ ബൗളർമാരിൽ ഒരാളായ നൂർ അഹമ്മദ്, മതീഷ പതിരണ എന്നിവരിൽ ഒരാളെ പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് മുമ്പ് പുറത്ത് തിരുത്തണം എന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു പറഞ്ഞു. സീസണിൽ മോശം ഫോമിലൂടെ കടന്ന് പോകുന്ന ടീമിന് ഉപദേശം നൽകുക ആയിരുന്നു റായിഡു.

ഈ സീസണിൽ ഇതുവരെ അഹമ്മദ്, പതിരണ എന്നിവർ ചേർന്ന് 15 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇരുതാരങ്ങളും ടീമിന് വളരെ പ്രധാനപെട്ടവരാണ്. എന്നിരുന്നാലും, ജാമി ഓവർട്ടൺ പോലുള്ള ഒരു പവർ-ഹിറ്റർ ടീമിൽ ഉള്ളപ്പോൾ ഇവരിൽ ഒരാളെ ഒഴിവാക്കിയാലും പ്രശ്നം ഇല്ലെന്നാണ് റായിഡു പറഞ്ഞത്.

“അവർ കളിക്കുന്ന പിച്ചുകൾ ചെന്നൈയ്ക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയതാണ്. ചെന്നൈ ബാറ്റർമാർ പലരും താളം കണ്ടെത്തിയിട്ടില്ല. അതിനാൽ ടീമിന് ഒരു അധിക ബാറ്റിംഗ് ഓപ്ഷൻ അത്യാവശ്യമാണ്. ടീമിൽ നിന്നും ഒരാളെ ഒന്നെങ്കിൽ നൂർ അഹമ്മദ് അല്ലെങ്കിൽ മതിഷ ഇവരിൽ ഒരാളെ പുറത്താക്കണം. പകരം ജാമി ഓവർട്ടൺ ടീമിൽ വരണം.”

“ദീപക് ഹൂഡ, രാഹുൽ ത്രിപാഠി പോലുള്ള താരങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ടീം എടുത്തത്. ടീം കോമ്പിനേഷൻ ശരിയാകാതെ ചെന്നൈക്ക് ഒന്നും ചെയ്യാൻ പറ്റില്ല. താരങ്ങൾ മികവ് കാണിച്ചേ മതിയാകു.”

2025 ലെ ഐ‌പി‌എല്ലിൽ ഇതുവരെയുള്ള നാല് മത്സരങ്ങളിലും സി‌എസ്‌കെ രണ്ടാമത് ബാറ്റ് ചെയ്യുകയാണ് ചെയ്തത്. ഒരെണ്ണത്തിൽ ജയിച്ചപ്പോൾ ബാക്കി മൂന്നിലും ടീം തോറ്റു.