ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ബോളർമാർക്ക് ആശ്വാസം നൽകുന്ന ഒരു നിയമം അവതരിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ. സീസണിലേക്ക് വന്നാൽ മഞ്ഞുവീഴ്ച കാരണം ഉണ്ടാകുന്ന ഡ്യൂവിന്റെ സ്വീധീനം കുറയ്ക്കുന്നതിന് ആയി ഇനി വൈകുന്നേരത്തെ മത്സരങ്ങളിൽ രണ്ട് ബോൾ സംവിധാനം നടപ്പിലാക്കും. മഞ്ഞുവീഴ്ച വരുമ്പോൾ ബോളർമാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറ്റാനാണ് നായകന്മാരുടെ യോഗത്തിൽ രണ്ടാം ഇന്നിങ്സിന്റെ പത്താം ഓവർ കഴിയുമ്പോൾ പുതിയ പന്ത് ഉപയോഗിക്കുന്ന നിയമം ബിസിസിഐ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ഡ്യൂ കാരണം പലപ്പോഴും രണ്ടാം ഇന്നിങ്സിൽ പന്തെറിയാൻ എത്തുമ്പോൾ ബോളർമാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് ഈ പുതിയ നിയമം വരുന്നതോടെ പരിഹാരം ഉണ്ടാകുമെന്നാണ് കരുതപെടുന്നത്. എന്തായാലും ഇനി മുതൽ ബാറ്റും പന്തും തമ്മിലുള്ള വ്യത്യാസം കുറയുമെന്ന് തന്നെ ഇതുവഴി കരുതാം.
അതേ സമയം നാളെ ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുന്ന കെകെആറും ആർസിബിയും തമ്മിലുള്ള ഐപിഎൽ 2025 ഓപ്പണർ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ സീസണിൽ കിരീടം നേടിയ കെകെആർ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമായ ആർസിബിയെ നേരിടുമ്പോൾ ആവേശം ഒട്ടും കുറയില്ല. എങ്കിലും മത്സരത്തിനായിട്ട് കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊൽക്കത്തയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മത്സരം മഴ മൂലം ഉപേക്ഷിക്കാൻ സാധ്യത കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. നാളെ കൊൽക്കത്തയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ആശങ്ക കൂടുന്നത്.