'അവര്‍ നമ്മളേക്കാള്‍ കൂടുതല്‍ വേദനിക്കുന്നു'; വിമര്‍ശകരുടെ കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ച് യുവരാജ് സിംഗ്

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ 2024-25 പതിപ്പിലെ നിരാശാജനകമായ പ്രകടനത്തെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കും പിന്തുണയുമായി ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ഇന്ത്യ കൈവിട്ടിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമിനായി ഒരു സുപ്രധാന പര്യടനത്തില്‍ പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത അമര്‍ഷമാണ് എയറിലുള്ളത്.

അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-3 ന് തോറ്റത് ഒരു ദശാബ്ദത്തിനിടെ ഓസ്‌ട്രേലിയ ആദ്യമായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഉയര്‍ത്തി. പരമ്പരയില്‍ കോഹ്ലിക്ക് അഞ്ച് മത്സരങ്ങളില്‍ നിന്ന് 190 റണ്‍സ് മാത്രമേ നേടാനായുള്ളൂ. അതേസമയം രോഹിത്തിന്റെ അതിലും ദയനീയമായിരുന്നു. നാല് ടെസ്റ്റുകളില്‍നിന്ന് 31 റണ്‍സ് മാത്രമാണ് താരം നേടിയത്. അതേസമയം, യുവരാജ് ഇരുവരെയും പ്രതിരോധിക്കുകയും ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

നമ്മള്‍ സംസാരിക്കുന്നത് നമ്മുടെ മഹാന്മാരായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും കുറിച്ചാണ്; ഞങ്ങള്‍ അവരെക്കുറിച്ച് വളരെ മോശമായ കാര്യങ്ങളാണ് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ നേടിയ നേട്ടങ്ങള്‍ ജനങ്ങള്‍ മറക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ രണ്ട് പേരാണ് അവര്‍. ശരി, അവര്‍ തോറ്റു; അവര്‍ നല്ല ക്രിക്കറ്റ് കളിച്ചില്ല. അവര്‍ നമ്മളെക്കാള്‍ കൂടുതല്‍ വേദനിപ്പിക്കുന്നു- യുവരാജ് പറഞ്ഞു.

കോഹ്‌ലി, രോഹിത്, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരില്‍ യുവരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും മികച്ചവര്‍ അവരാണെന്ന് അദ്ദേഹം കരുതുന്നു.

പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറും സെലക്ടറായി അജിത് അഗാര്‍ക്കറും രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ് ഇപ്പോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ചിന്തകരെന്ന്് എനിക്ക് തോന്നുന്നു. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വഴി എന്താണെന്ന് അവര്‍ തീരുമാനിക്കണം- യുവരാജ് കൂട്ടിച്ചേര്‍ത്തു.