പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചത് ജീവിതത്തിലെ കറുത്ത അധ്യായം; വെളിപ്പെടുത്തലുമായി ജേസണ്‍ റോയ്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചത് ജീവിതത്തിലെ കറുത്ത അധ്യായമാണെന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേസണ്‍ റോയ്. ടൂര്‍ണമെന്റിലെ ഉജ്വല പ്രകടനത്തിനിടെയും തന്റെ മാനസികനില അത്ര മികച്ചതായിരുന്നില്ലെന്നും എങ്ങനെ എങ്കിലും തിരിച്ച് വീട്ടിലെത്തിയാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളെന്നും റോയ് പറഞ്ഞു.

‘പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ എന്റെ മാനസികനില അത്ര മികച്ചതായിരുന്നില്ല. നന്നായി കളിച്ചിരുന്നെങ്കിലും സങ്കീര്‍ണതകള്‍ നിറഞ്ഞ സ്ഥലത്തായിരുന്നു ഞാന്‍ എന്നതിനാല്‍ ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല.’

‘ഞാന്‍ ഒട്ടും സന്തോഷിച്ചിരുന്നില്ല. ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു അത്. എങ്ങനെയെങ്കിലും വീട്ടിലെത്തണം. കുടുംബത്തിനൊപ്പം രണ്ട് മാസമെങ്കിലും കഴിയണമെന്നായിരുന്നു മനസില്‍. വീട്ടില്‍നിന്നു മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളുകളായിരുന്നു.’

’50 ദിവസത്തിലധികം നീളുന്ന ഹോട്ടല്‍ ക്വാറന്റീനൊക്കെ എന്നെ തളര്‍ത്തി. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതിനായാണ് ഞാന്‍ ഐപിഎല്ലില്‍നിന്ന് അവധിയെടുത്തത്. അതുകൊണ്ടാണു കൂടുതല്‍ ഉന്‍മേഷത്തോടെ ഇപ്പോള്‍ കളിക്കളത്തിലേക്കു തിരിച്ചുവരാനായത്’ റോയ് പറഞ്ഞു.

പിഎസ്എല്ലില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണു റോയ് പുറത്തെടുത്തത്. 6 കളിയില്‍ 50.50 ശരാശരിയിലും 170.22 സ്‌ട്രൈക്ക് റേറ്റിലുമായി 303 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.