പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

43 വയസുകാരൻ മഹേന്ദ്ര സിംഗ് ധോണി, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാകാനുള്ള കാരണം ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർ‌സി‌ബി) ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) ഹൈ-വോൾട്ടേജ് ഐ‌പി‌എൽ 2025 മത്സരത്തിൽ, സ്റ്റമ്പുകൾക്ക് പിന്നിൽ ധോണിയുടെ അവിശ്വസനീയമായ റിഫ്ലെക്‌സുകൾ ഫിൽ സാൾട്ടിന്റെ തകർപ്പൻ ഇന്നിങ്സിന്റെ അവസാനത്തിലേക്ക് നയിച്ച് വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തി.

മികച്ച ഫോമിലായിരുന്ന സാൾട്ട്, വെറും 16 പന്തിൽ നിന്ന് അഞ്ച് ഫോറുകളും ഒരു സിക്‌സറും ഉൾപ്പെടെ 32 റൺസ് നേടി ചെന്നൈ ബോളർമാർക്ക് വയർ നിറച്ച് കൊടുക്കുന്ന സമയത്തായിരുന്നു ധോണിയുടെ മാജിക്ക്. ഇന്നും ധോണിക്ക് മാത്രം അവകാശപ്പെടാവുന്ന മിടുക്ക് കൊണ്ട് മാത്രാമാണ് ആ വിക്കറ്റ് വന്നതെന്ന് പറയാം.

നൂർ അഹമ്മദിന്റെ ഗൂഗ്ലി നേരിട്ട ശ്രമിച്ച സാൾട്ട് ഒരു ഡ്രൈവ് കളിക്കാൻ ശ്രമിച്ചു. പക്ഷേ ടേൺ അദ്ദേഹത്തെ പരാജയപ്പെടുത്തി. ബാലൻസ് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു നിമിഷം കാലൊന്ന് ഉയർന്നു. ആ സെക്കൻഡ് മാത്രം മതിയായിരുന്നു ധോണിക്ക് നിമിഷം കൊണ്ട് സ്റ്റമ്പ് തെറിപ്പിക്കാൻ.

തുടക്കത്തിൽ താൻ ക്രീസിൽ കാലുവെച്ചു എന്ന് സാൾട്ട് സംശയിച്ചെങ്കിലും റിവ്യൂയിൽ അത് വിക്കറ്റ് ആണെന്ന് വ്യക്തമായി. മുംബൈ ഇന്ത്യൻസിനെതിരായ സി‌എസ്‌കെയുടെ സീസണിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിനെ ഞെട്ടിച്ച ധോണിയുടെ മികവിന്റെ പ്രതിഫലനമായിരുന്നു ഈ നിമിഷം. പ്രായം കൂടിയെങ്കിലും, തന്റെ അസാധാരണ ചടുലതയും മികച്ച ക്രിക്കറ്റ് ബുദ്ധിയും കൊണ്ട് യുവ വിക്കറ്റ് കീപ്പർമാരെ മറികടക്കാൻ 43 വയസ്സുള്ള ധോണിക്ക് സാധിക്കുന്നു.