IPL 2025: ധോണിയുടെ കാര്യത്തിൽ സങ്കടം ഉണ്ടാക്കുന്ന അപ്ഡേറ്റ് പുറത്ത്, സൂക്ഷിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പണി; ചെന്നൈ ക്യാമ്പിൽ ആശങ്ക

ഇന്നലത്തെ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് വിജയം നേടി കൊടുത്ത് മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. അതേസമയം ജയത്തിന്റെ സന്തോഷത്തിന് പിന്നാലെ ശേഷിക്കുന്ന മത്സരങ്ങളിൽ എം.എസ്. ധോണിയുടെ സേവനം ലഭ്യമാക്കുമോ എന്ന കാര്യത്തിൽ ആശങ്ക വന്നിരിക്കുകയാണ് ഇപ്പോൾ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ വലതു കാൽമുട്ടിന് പരിക്കേറ്റ് പരിചയസമ്പന്നനായ അദ്ദേഹം വിക്കറ്റ് കീപ്പിംഗ് ഡിപ്പാർട്ട്‌മെന്റിൽ, മികച്ച പ്രകടനം കാഴ്ചവെച്ചില്ല. ചില നല്ല നിമിഷങ്ങൾ സമ്മാനിച്ചതൊഴിച്ചാൽ ധോണി വിക്കറ്റ് കീപ്പിങ്ങിൽ പൂർണ പരാജയം ആകുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ വിജയകരമായ ഒരു സ്റ്റമ്പിംഗും റണ്ണൗട്ടും ക്യാച്ചും പൂർത്തിയാക്കിയെങ്കിലും, പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർക്ക് തന്റെ പൂർണ മികവിലേക്ക് എത്താൻ സാധിച്ചില്ല എന്ന് പറയാം. ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുമ്പ്, ഡ്രസിങ് റൂമിൽ നിന്ന് പുറത്തിറങ്ങിയ ധോണി മുടന്തി സ്റ്റെപ് ഇറങ്ങുന്നതും കാണാൻ സാധിച്ചു.

കളിക്കിടെ സിംഗിൾ പൂർത്തിയാകുന്ന സമയത്തും ധോണി ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാൻ സാധിച്ചു. എന്തായാലും ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് ബംഗാർ പറഞ്ഞത് ഇങ്ങനെ. “ലഖ്‌നൗവിന്റെ ബാറ്റിംഗിനിടെ ധോണി സ്റ്റമ്പിന് പിന്നിൽ സ്വതന്ത്രമായി ചലിച്ചില്ല. ഒരു സിംഗിൾ പോലും എടുക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അവന്റെ വലതു കാൽമുട്ടിന് കാര്യമായ പ്രശ്നമുണ്ട്. പ്രശ്നം പരിഹരിക്കാൻ അദ്ദേഹം കഠിനാധ്വാനം ചെയ്യുക ആയിരുന്നു” ബംഗാർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

പരിക്ക് കൂടുതൽ ഗുരുതരമാണെങ്കിൽ, കുറച്ച് മത്സരങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കാനുള്ള സാധ്യതയുണ്ട്. സീസണിലെ മോശം തുടക്കത്തിന് ശേഷം ഫ്രാഞ്ചൈസിക്ക് ധോണിയെ ആവശ്യമുള്ളതിനാൽ, ധോണി തന്റെ ജോലിഭാരം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടിവരും. നിലവിൽ ചെന്നൈ അഞ്ച് മത്സരങ്ങൾ തോറ്റു, രണ്ടെണ്ണത്തിൽ മാത്രം വിജയിച്ചു പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്.

അതേസമയം ഇന്നലെ ടീം തകരുന്ന സമയത്ത് ശിവം ദുബൈക്ക് ഒപ്പം ക്രീസിൽ എത്തിയ ധോണിക്ക് ചില പദ്ധതി ഉണ്ടായിരുന്നു. താൻ പുറത്തായാൽ ടീം തകരുമെന്ന് മനസിലായ താരം കരുതിയാണ് തുടങ്ങിയത്. എന്നാൽ ശിവം ദുബൈ സമ്മർദ്ദത്തിലായി തുടങ്ങി എന്ന് മനസിലാക്കിയ ധോണി ആവേഷ് ഖാൻ എറിഞ്ഞ മത്സരത്തിന്റെ 16 ആം ഓവറിൽ രണ്ട് ബൗണ്ടറികൾ നേടി ടീമിന് പ്രതീക്ഷകൾ വീണ്ടും നൽകി.

തൊട്ടടുത്ത ഓവറിൽ അതായത് 17 ആം ഓവറിൽ, താക്കൂർ എറിഞ്ഞ രണ്ടാം പന്തിൽ ബൗണ്ടറി നേടിയ ദുബൈ താനും കൂൾ ആയി വരുന്നു എന്ന സൂചന നൽകി. ആ ഓവറിന്റെ അവസാന പന്തിൽ ധോണി മിഡ്‌വിക്കറ്റിന് മുകളിലൂടെ താരത്തെ വൺ ഹാൻഡ് സിക്സിന് പറത്തി കളി തങ്ങളുടെ കൈയിൽ ആണെന്ന് ഉറപ്പിച്ചു. ശേഷം ആവേഷ് എറിഞ്ഞ 18 ആം ഓവറിൽ 7 റൺ മാത്രമാണ് ടീമിന് നേടാനായത്.

ഇതോടെ അവസാന 2 ഓവറിൽ 24 റൺ വേണം എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. എന്നാൽ നിർണായകമായ 19 ആം ഓവർ എറിഞ്ഞ താക്കൂറിന്റെ പിഴച്ചപ്പോൾ ധോണി- ദുബൈ സഖ്യം 19 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നെ കാര്യങ്ങൾ എല്ലാം വെറും ചടങ്ങ് പോലെ അവസാനിച്ചു. അവസാന ഓവറിന്റെ മൂന്നാം പന്തിൽ ബൗണ്ടറി നേടി ദുബൈ ചെന്നൈ ആരാധകർ ആഗ്രഹിച്ച ജയം സമ്മാനിച്ചു. 57 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ദുബൈ- ധോണി സഖ്യം സ്ഥാപിച്ചത്. ഇതിൽ ധോണിയുടെ കൂൾ ബാറ്റിങ്ങും സാഹചര്യം നോക്കിയുള്ള കളിയുമാണ് സമർദ്ദത്തിലായ ദുബൈ( 37 പന്തിൽ 46 ) സഹായിച്ചത്.