വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. വെറും 74 പന്തില്‍ 148* റണ്‍സ് നേടി പുറത്താകാതെ നിന്ന താരത്തിന്റെ ഉജ്ജ്വല പ്രകടനം സര്‍വീസസിനെതിരെ ഒമ്പത് വിക്കറ്റിന്റെ ആധിപത്യ വിജയത്തിലേക്ക് മഹാരാഷ്ട്രയെ നയിച്ചു.

ഓം ഭോസാലെയ്ക്കൊപ്പം ബാറ്റിംഗ് ആരംഭിച്ച ഗെയ്ക്വാദ് 27 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. ശേഷം 57 പന്തില്‍ താരം സെഞ്ച്വറിയും തികച്ചു. അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗില്‍ 16 ബൗണ്ടറികളും 11 സിക്സറുകളും ഉള്‍പ്പെടുന്നു.

205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര 20.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യന്‍ ദേശീയ ടീം നിലവില്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25 ല്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, ഗെയ്ക്വാദിന്റെ പ്രകടനം സെലക്ടര്‍മാരില്‍ നിന്ന് കാര്യമായ ശ്രദ്ധ നേടിയേക്കാം. പ്രത്യേകിച്ചും ഐസിസി ചാമ്പ്യന്‍സ് ട്രോഫി അടുത്തുവരുന്ന സാഹചര്യത്തില്‍.

വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്‍സ് ട്രോഫിയുടെ നിര്‍ണായക സെലക്ഷന്‍ ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം നടത്താനുള്ള ശ്രമത്തിലാണ്. ഗെയ്ക്വാദും ഇഷാന്‍ കിഷനും പോലുള്ള കളിക്കാര്‍ തങ്ങള്‍ക്കുവേണ്ടി ശക്തമായി രംഗത്തുണ്ട്.