വിരാട് കിംഗ് കോഹ്‌ലി; റെക്കോഡുകൾ നേടാനായി ജനിച്ചവൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിന് വീണ്ടും നേട്ടം

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ ഇതിഹാസങ്ങളുടെ എല്ലാം റെക്കോഡുകൾക്ക് അധികം ആയുസ് കൊടുക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലായി താരം നേടിയത് അതിവേഗം 27000 റൺസ് നേടുന്ന വ്യക്തി എന്ന റെക്കോഡ് ആണ്. 594-ാം ടെസ്റ്റ് ഇന്നിം​ഗ്സിലാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

അന്താരാഷ്ട്ര കരിയറിൽ 34357 റൺസോടെ ക്രിക്കറ്റ് ദൈവമായ സച്ചിൻ ടെണ്ടുൽക്കർ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 28016 റൺസോടെ സംഗക്കാര രണ്ടാമതും 27483 റൺസ് നേടി റിക്കി പോണ്ടിങ് മൂന്നാമതും ഉണ്ട്. എന്നാൽ വേഗത്തിൽ ഈ റെക്കോഡ് നേടിയത് വിരാട് കോഹ്ലി മാത്രമാണ്. 623 ഇന്നിങ്‌സുകൾ കൊണ്ടാണ് സച്ചിൻ ഈ റെക്കോഡ് നേടിയത്. ഏകദിന ഫോർമാറ്റിൽ വിരാട് കോഹ്ലി 13906 റൺസും ടി-20 യിൽ 4188 റൺസും ടെസ്റ്റിൽ 8918 റൺസും ആണ് അടിച്ചെടുത്തിരിക്കുന്നത്.

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഗംഭീരമായി തന്നെയാണ് നടന്ന് വരുന്നത്. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 26 റൺസ് നേടി രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഇന്നത്തെ മത്സരത്തോട് കൂടി ഇന്ത്യ ഒരുപാട് നേട്ടങ്ങളാണ് സ്വന്തമാക്കിയത്. വേഗതയേറിയ 50,100,150,200 , അന്താരാഷ്ട്ര കരിയറിൽ വേഗതയേറിയ 27000 റൺസ് നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി, ടെസ്റ്റ് ഫോർമാറ്റിൽ 300 വിക്കറ്റുകൾ സ്വന്തമാക്കി രവീന്ദ്ര ജഡേജ. ഇതൊക്കെയാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയ നേട്ടങ്ങൾ.

സമനില ലക്ഷ്യം ഇട്ടാണ് ബംഗ്ലാദേശ് അവസാന ദിനത്തിൽ ഇറങ്ങുന്നത്. എന്നാൽ അവരെ എറിഞ്ഞ് വീഴ്ത്തി പരമ്പര 2-0 ത്തിന് സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.