RCB UPDATES: കോഹ്ലിയുടെ വിക്കറ്റെടുത്തതിന് ബോളിവുഡ് താരത്തിന് ട്രോള്‍, കലിയടങ്ങാതെ ആരാധകര്‍, എന്തൊക്കെയാ ഈ കൊച്ചു സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് മറ്റുചിലര്‌

ഹോംഗ്രൗണ്ടായ  ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിജയതുടര്‍ച്ചയ്ക്കായി ഇറങ്ങിയ ആര്‍സിബി ടീമിനെ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നലെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യ ബാറ്റിങ്ങില്‍ 170 റണ്‍സ് എന്ന മോശമില്ലാത്ത സ്‌കോര്‍ വിജയലക്ഷ്യമായി ബെംഗളൂരു മുന്നോട്ടുവച്ചെങ്കിലും 18ാം ഓവര്‍ തീരുന്നതിന് മുന്‍പേ ഗുജറാത്ത് അത് മറികടക്കുകയായിരുന്നു. ആര്‍സിബിക്കായി ഇത്തവണ നിറംമങ്ങിയ വിരാട് കോഹ്ലി ആറ് പന്തുകളില്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. അര്‍ഷദ് ഖാന്റെ പന്തില്‍ പ്രസിദ്ധ് കൃഷ്ണയാണ് കോഹ്ലിയെ ക്യാച്ചെടുത്ത് പുറത്താക്കിയത്.

കോഹ്ലി പെട്ടെന്ന് പുറത്തായതിന്റെ സങ്കടത്തില്‍ പേര് മാറി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു ബോളിവുഡ് താരത്തെ ട്രോളുകയാണ് ചില ആരാധകര്‍. കോഹ്ലിയെ പുറത്താക്കിയ അര്‍ഷാദ് ഖാന്റെ പേര്‌ ബോളിവുഡ് താരമായ അര്‍ഷദ് വാര്‍സി എന്ന് തെറ്റിദ്ധരിച്ചാണ് ആരാധകരില്‍ ചിലരുടെ രോഷ പ്രകടനം. ബോളിവുഡ് താരം അജയ് ദേവ്ഗണിനെ കുറിച്ച് അടുത്തിടെ അര്‍ഷദ് വാര്‍സി  ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റിന് താഴെയാണ് കോഹ്ലി ആരാധകര്‍ കമന്റിടുന്നത്.

“നിന്നെ ഞാന്‍ കാണിച്ചുതരാം”, “എന്തിനാണ് കോഹ്ലിയെ നീ പുറത്താക്കിയത്” ഉള്‍പ്പെടെയുളള കമന്റുകളാണ് ബോളിവുഡ് താരത്തിന്റെ പോസ്റ്റിന് താഴെയായി ആരാധകരില്‍ ചിലര്‍ അക്കൗണ്ട് മാറി ഇട്ടിരിക്കുന്നത്.