MI VS RCB: ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആദ്യം, ആര്‍ക്കും ഇല്ലാത്തൊരു റെക്കോഡ് ഇനി കോലിക്ക്, മുംബൈക്കെതിരെ കത്തിക്കയറി കിങ്, കയ്യടിച്ച് ആരാധകര്‍

ഐപിഎലില്‍ മുംബൈക്കെതിരായ മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ്. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് തുടക്കത്തിലേ പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് വിരാട് കോലി ആര്‍സിബിയെ മുന്നോട്ടുനയിച്ചു. മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയിരിക്കുകയാണ് കോലി. കൂടാതെ ഈ മത്സരത്തിലൂടെ ടി20 മത്സരങ്ങളില്‍ 13,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായിരിക്കുകയാണ് കോലി. 386 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. 381 മത്സരങ്ങളില്‍ നിന്നും 13,000 പിന്നിട്ട ക്രിസ് ഗെയ്‌ലാണ് എറ്റവും വേഗത്തില്‍ ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തതിനുളള റെക്കോഡ്. ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് നേടിയ അഞ്ചാമത്തെ ബാറ്ററാണ് കോലി.

ക്രിസ് ഗെയ്ല്‍-14562, അലക്‌സ് ഹെയില്‍സ്-13610, ഷോയിബ് മാലിക്ക്-13557, കിരോണ്‍ പൊള്ളാര്‍ഡ്-13537 എന്നിവരാണ് കോലിക്ക് മുന്നേ ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.  കോലിക്കൊപ്പം ക്യാപ്റ്റന്‍ രജത് പാടിധാറാണ് ക്രീസിലുളളത്. കിങിനൊപ്പം ചേര്‍ന്ന് തകര്‍ത്തടിക്കുകയാണ് പാടിധാറും. കഴിഞ്ഞ ലേലത്തില്‍ 21 കോടിക്കാണ് വിരാട് കോലി ആര്‍സിബി നിലനിര്‍ത്തിയത്. 15 വര്‍ഷത്തിലധികമായി ടീമില്‍ തുടരുന്ന താരം ഇത്തവണയും ആദ്യമായൊരു ഐപിഎല്‍ കീരിടം പ്രതീക്ഷിക്കുന്നു. ആദ്യ മത്സരങ്ങളിലെ വിജയത്തോടെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് ആര്‍സിബി ടീം നല്‍കുന്നത്.

മികച്ച ബാറ്റേര്‍സും ബോളേര്‍സും അവര്‍ക്ക് ഇത്തവണ ടീമിലുണ്ട്. അതേസമയം മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരത്തില്‍ വിജയിക്കുകയെന്നത് അത്യാവശ്യമാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒറ്റ മത്സരം മാത്രമാണ് അവര്‍ ജയിച്ചത്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വലിയ ആശ്വാസമായി മാറും.