ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യ ബാറ്റിങില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഫിലിപ്പ് സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്ന് മോശമല്ലാത്തൊരു തുടക്കമാണ് ആര്‍സിബിക്കായി നല്‍കിയത്. 3.5 ഓവറില്‍ ടീം സ്‌കോര്‍ 61 റണ്‍സില്‍ എത്തിച്ച ശേഷമായിരുന്നു സാള്‍ട്ടിന്റെ പുറത്താവല്‍. 17 പന്തുകളില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 37 റണ്‍സാണ് താരം നേടിയത്. വിരാട് കോഹ്ലിയാവട്ടെ 14 പന്തുകളില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടി. ഇന്നത്തെ മത്സരത്തിലെ ഇന്നിങ്ങ്‌സോടെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 1000 ബൗണ്ടറികള്‍ നേടുന്ന താരമായിരിക്കുകയാണ് കോഹ്ലി.
മത്സരത്തിന് മുന്‍പ് വെറും രണ്ട് ഫോറുകള്‍ മാത്രമാണ് ഈ റെക്കോഡിലെത്താന്‍ കോഹ്ലിക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഡല്‍ഹിക്കെതിരെ നേടാന്‍ സ്റ്റാര്‍ ബാറ്റര്‍ക്കായി. കോഹ്ലിക്ക് പിന്നില്‍ ശിഖര്‍ ധവാനാണ് ഐപിഎലില്‍ എറ്റവും കൂടുതല്‍ ബൗണ്ടറി നേടിയിട്ടുളള ബാറ്റര്‍മാരുടെ ലിസ്റ്റിലുളളത്. 920 ബൗണ്ടറികള്‍ ധവാന്‍ നേടി. ഡേവിഡ് വാര്‍ണര്‍ 899 ഫോറുകളും നേടി. അതേസമയം ഡല്‍ഹിക്കെതിരെ മറ്റൊരു നാഴികകല്ല് കൂടി പിന്നിടേണ്ടതായിരുന്നു കോഹ്ലി.
എന്നാല്‍ ഇന്ന് പെട്ടെന്ന് പുറത്തായത് തിരിച്ചടിയായി. ഐപിഎലില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ രോഹിത് ശര്‍മയെ മറികടക്കാനുളള അവസരമാണ് കോലിക്ക് ഇന്നുണ്ടായിരുന്നത്. 256 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 282 സിക്‌സുകളാണ് രോഹിതിനുളളത്. കോഹ്ലിക്കാവട്ടെ മത്സരത്തിന് മുന്‍പ് 248 ഇന്നിങ്‌സുകളില്‍ നിന്ന് 278 സിക്‌സുകളും. എന്നാല്‍ ഇന്ന് രണ്ട് സിക്‌സുകള്‍ മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ക്രിസ് ഗെയ്‌ലാണ് സിക്‌സറുകളുടെ എണ്ണത്തില്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. 357 സിക്‌സുകളാണ് ഗെയ്‌ലിനുളളത്.