റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചത് മലയാളി താരം വിഘ്‌നേഷ് പുതൂരായിരുന്നു. ഒരു ഓവര്‍ മാത്രം ഏറിഞ്ഞ വിഘ്‌നേഷ് പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റ് നേടിയത്. എന്നാല്‍ ഈ ഓവറിന് ശേഷം വിഘ്‌നേഷിന് പന്ത് നല്‍കിയിരുന്നില്ല നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പകരം 16ാം ഓവറില്‍ മലയാളി താരത്തെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ ഇംപാക്ട് പ്ലെയറായി ടീമില്‍ ഉള്‍പ്പെടുത്തി. സ്പിന്നര്‍മാര്‍ക്ക് പകരം പേസര്‍മാരില്‍ വിശ്വസിക്കുകയായിരുന്നു ക്യാപ്റ്റന്‍.
അതേസമയം ഹാര്‍ദികിന്റെ ഈ തീരുമാനം ആര്‍സിബി ടീമിന് മത്സരത്തില്‍ ഗുണകരമായി എന്ന് പറയുകയാണ് വിരാട് കോഹ്ലി. “അവരുടെ സ്പിന്നര്‍മാരില്‍ ഒരാള്‍ മത്സരത്തിനിടെ പുറത്തുപോയി.ചൈനാമാന്‍ ബോളറെ സംബന്ധിച്ച് പന്തെറിയാന്‍ ബുദ്ധിമുട്ടായിരുന്നു. മുംബൈയുടെ ആ ഒരു നീക്കം ഞങ്ങള്‍ക്ക് 20-25 റണ്‍സ് മത്സരത്തില്‍ അധികമായി ലഭിക്കാന്‍ കാരണമായി.
വിക്കറ്റ് വീഴാതിരുന്നപ്പോള്‍ സംഭവിച്ചത് അവരുടെ ഒരു സ്പിന്നര്‍ കളിക്കളത്തില്‍ നിന്ന് പുറത്തായി എന്നതാണ്. അത് ഞങ്ങള്‍ക്ക് ഒരു പ്രധാന ഘടകമായി മാറി. കാരണം സ്പിന്നര്‍ കളിക്കളത്തില്‍ നിന്ന് പുറത്തായാല്‍ ചെറിയ ബൗണ്ടറികളുളള ഇവിടെ പേസര്‍മാരെ നേരിടുക എന്നത് എളുപ്പമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, വിരാട് കോഹ്ലി കൂട്ടിച്ചേര്‍ത്തു.