ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരമാണ്. തുടര്‍ച്ചയായ തോല്‍വികളാല്‍ വീര്‍പ്പുമുട്ടുന്ന ചെന്നൈ ടീമിന് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. അഞ്ച് കളികളില്‍ നാല് തോല്‍വിയും ഒരു ജയവും മാത്രമാണ് ഈ സീസണില്‍ സിഎസ്‌കെയുളളത്. അതുകൊണ്ട് തന്നെ പോയിന്റ് ടേബിളില്‍ ഇപ്പോഴും അവസാന സ്ഥാനക്കാരാണ് അവര്‍. റിതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായെങ്കിലും എംഎസ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തുന്നത് അവര്‍ക്ക് ആശ്വാസമുണ്ടാക്കും. ഐപിഎലിലെ തന്നെ എറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി.
അതേസമയം അഞ്ച് കളികളില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമുളള കെകെആര്‍ ചെന്നൈക്കെതിരെ വിജയിച്ച് ടേബിളില്‍ മുകളിലോട്ട് കയറാനാവും ശ്രമിക്കുക. കെകെആര്‍-സിഎസ്‌കെ മത്സരത്തില്‍ തനിക്ക് പ്രിയപ്പെട്ട ടീം ഏതാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത കളിക്കുന്ന തരത്തിലുളള ക്രിക്കറ്റല്ല ചെന്നൈ കളിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്ന് സെവാഗ് പറയുന്നു. അതുകൊണ്ട് മത്സരത്തില്‍ മുന്‍തൂക്കം കെകെആറിനായിരിക്കുമെന്ന് തോന്നുന്നു. കാരണം അവര്‍ക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. അവരുടെ ബാറ്റര്‍മാര്‍ സ്പിന്‍ ബോളിങ്ങിനെതിരെ മികച്ച രീതിയില്‍ കളിക്കുന്നവരാണ്.
ചെന്നൈയുടെ ബാറ്റര്‍മാര്‍ ഇതുവരെ മികച്ചതായിട്ടില്ല. അവരുടെ ബാറ്റിങ് നിര കത്തിക്കയറുകയാണെങ്കില്‍ എന്തെങ്കിലും വ്യത്യസ്തമായി ഇന്ന് സംഭവിച്ചേക്കാം. അല്ലെങ്കില്‍ കെകെആര്‍ മത്സരം കൊണ്ടുപോവും, സെവാഗ് അഭിപ്രായപ്പെട്ടു. ഐപിഎലില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതുളളത്. കളിച്ച അഞ്ച് കളികളില്‍ നാലും ജയിച്ചാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം മുന്നിലെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ഗുജറാത്തിന് തൊട്ടുപിന്നിലായി സ്ഥാനമുറപ്പിച്ചിരിക്കുന്നത്.