“ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല. അതും ബോൾ പിടിച്ചിട്ട് മുകളിലേക്ക് എറിയുകയാണെങ്കിൽ 99.9% അത് ഔട്ട് ആണ്.” മുൻ കേരള രഞ്ജി ടീം ക്യാപ്റ്റനും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ ഉൾപ്പെട്ടിട്ടുള്ള കെ.എൻ. അനന്തപത്മനാഭൻ എന്നറിയപ്പെടുന്ന കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭന്റെ വാക്കുകളാണിത്.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ ഉൾപ്പെട്ടിട്ടുള്ള നാലാമത്തെ ഇന്ത്യാക്കാരനാണ് മലയാളി കൂടിയായ അനന്തപത്മനാഭൻ. തിരുവനന്തപുരം സ്വദേശിയായ അനന്തൻ ഐപിഎല്ലിലും അംപയറായിട്ടുണ്ട്. അദ്ദേഹം അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്രിക്കറ്റ് മത്സരത്തെ കുറിച്ചും അത് നിയന്ത്രിക്കുന്ന അമ്പയർമാരുടെ കരിയറിനെ കുറിച്ചുമൊക്കെ വിശദമായി സംസാരിച്ചു. സംസാരത്തിനിടെ ഏറ്റവും കൃത്യതയുള്ള ഒരു കളിക്കാരനായി അദ്ദേഹം ഇന്ത്യയുടെ മുൻ ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ എംഎസ് ധോണിയെ പരാമർശിക്കുകയായിരുന്നു.
ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?
ധോണിയെ കൂടാതെ രവീന്ദ്ര ജഡേജ, വിരാട് കോഹ്‌ലി, ന്യൂസീലൻഡ് ക്യാപ്റ്റനായിരുന്ന കെയിൻ വില്യംസൺ എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരിക്കൽ ജഡേജ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായിരുന്ന സന്ദർഭത്തിൽ ലോങ്ങിൽ ഫീൽഡ് ചെയ്യുമ്പോൾ അമ്പയറുടെ തീരുമാനത്തെ റിവ്യൂ ചെയ്യേണ്ട സമയത്ത് പെട്ടെന്നു ചെയ്യണം എന്ന് ഓർമപ്പെടുത്തിയപ്പോൾ റിവ്യൂ ധോണി തീരുമാനിക്കും, അത് എടുത്താൽ മതി എന്നാണ് മറുപടി പറഞ്ഞത്.
അതുപോലെ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരനായി താൻ വിരാട് കോഹ്‍ലിയെയാണ് കാണുന്നത് എന്ന് അനന്തപത്മനാഭൻ വെളിപ്പെടുത്തി. എത്ര മികച്ച ഇന്നിംഗ്സ് അദ്ദേഹം ബാറ്റിങ്ങിൽ കാഴ്ചവെച്ചാലും ഒരു മടിയും കൂടാതെ കോഹ്‌ലി മുഴുവൻ സമയം ഫീൽഡ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം ഫിറ്റ്നസ് നിലനിർത്തുന്ന രീതി അതിശയകരാമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കളിക്കാരുടെ കൂട്ടത്തിൽ ഏറ്റവും മാന്യതയോട് കൂടി പെരുമാറുന്ന ഒരാളായാണ് ന്യൂസീലൻഡ് ക്യാപ്റ്റനായിരുന്ന കെയിൻ വില്യംസന്റെ പേര് പരാമർശിച്ചത്. അമ്പയറുടെ ഒരു തീരുമാനം റിവ്യൂ ചെയ്യണം എന്ന് തോന്നിയാൽ “എന്നോട് ക്ഷമിക്കണം, എനിക്ക് ആ തീരുമാനം പരിശോധിക്കണം” എന്ന് അദ്ദേഹം പറയുമായിരുന്നു. അമ്പയർമാരുടെ കരിയറിനെ കുറിച്ചും വ്യത്യസ്ത പദവികളെ കുറിച്ചും ടൂർണമെന്റുകളുടെ വ്യതാസത്തെ കുറിച്ചുമൊക്ക അദ്ദേഹം വിശദീകരിച്ചു.