ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷം ലക്നൗ താരം ദിഗ്‌വേഷ് സിംഗ് രതി വാർത്തകളിൽ നിറഞ്ഞിരുന്നു. ലഖ്‌നൗവിൽ നടന്ന മത്സരത്തിലെ പിബികെഎസ് ചേസിന്റെ മൂന്നാം ഓവറിൽ പിബികെഎസ് ബാറ്റ്‌സ്മാൻ പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷമുള്ള എൽഎസ്ജി ലെഗ് സ്പിന്നറുടെ അമിത ആഘോഷം വലിയ കോളിളക്കം സൃഷ്ടിച്ചു. വെസ്റ്റ് ഇൻഡീസിന്റെ കെസ്രിക് വില്യംസിന്റെ നോട്ട്ബുക്ക് സെൻഡ് ഓഫിനെ അനുസ്മരിപ്പിക്കുന്ന ആഘോഷമാണ് താരം നടത്തിയത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഇംഗ്ലീഷ് കമന്ററി ബോക്സിൽ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ തന്റെ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് ഹിന്ദി കമന്ററിയിൽ തന്റെ നിരാശ പ്രകടിപ്പിച്ചു. ആര്യ പുറത്തായതിന് ശേഷമുള്ള രതിയുടെ ആഘോഷത്തെ പരാമർശിച്ചുകൊണ്ട് കൈഫ് ചോദിച്ചു, “അയാൾ എന്താണ് ചെയ്യുന്നത്? ആർക്കാണ് അവൻ എഴുതുന്നത്? ആര്യ ഇതിനകം പവലിയനിലേക്ക് മടങ്ങി കഴിഞ്ഞു”
മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ പിബികെഎസ് 172 റൺസ് എന്ന ലക്ഷ്യം പിന്തുടരുമ്പോൾ ആണ് സംഭവം നടന്നത്. ക്യാപ്റ്റൻ ഋഷഭ് പന്ത് രതിയെ ആക്രമണത്തിലേക്ക് കൊണ്ടുവന്നപ്പോൾ പഞ്ചാബ് സ്കോർ 26/0 ആയിരുന്നു. 9 പന്തിൽ നിന്ന് 8 റൺസ് നേടിയ ആര്യയെ, രതി പുറത്താക്കി. രതിയുടെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ ആര്യ അടുത്ത പന്തിൽ പുറത്തായി.
എന്തായാലും വിക്കറ്റ് നേട്ടത്തിന് പിന്നാലെ നടത്തിയ ആഘോഷം ഒരു ആവശ്യവും ഇല്ലാത്തത് ആണെന്നും പ്രവർത്തി ആവർത്തിക്കരുതെന്നും ആണ് സുനിൽ ഗാവസ്‌കർ പറഞ്ഞത്. എന്തായലും ഈ ആഘോഷം നടത്തിയതിന് ലക്നൗ താരത്തിന് പിഴ കിട്ടി.