അന്ന് ഞെട്ടിയത് ഹാർദിക് ഇന്ന് രോഹിത്, സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ സംഭവിച്ചത് ഇങ്ങനെ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

പണ്ടൊരിക്കൽ അയര്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നടന്ന ടി 20 പരമ്പര ആരാധകർ മറന്ന് പോകാൻ സാധ്യത ഇല്ല . അന്ന് നായകൻ ഹാർദിക് പാണ്ഡ്യാ ആയിരുന്നു. പരമ്പരയിൽ അതുവരെ അവസരം കിട്ടാതിരുന്ന സഞ്ജു സാംസൺ ഈ മത്സരത്തിനുള്ള ടീമിൽ ഇടം നേടിയെന്നു ടോസ് സമയത്ത് താരം പറയുന്നു, ആ സമയത്ത് സ്റ്റേഡിയത്തിൽ ഉണർന്നു കേട്ട ആരവങ്ങൾ കേട്ട് ഹാർദിക് പോലും ഞെട്ടുന്നു. അയാൾക്ക് വിശ്വസിക്കാൻ പോലും സാധിക്കാത്ത രീതിയിൽ ഉള്ള സന്തോഷമായിരുന്നു ആരാധകർ സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ പ്രകടിപ്പിച്ചത്- അയാൾക്ക് ഒരുപാട് ആരാധകരുണ്ട് എന്ന് മാത്രമായിരുന്നു ആ സമയത്ത് ഹാർദിക് ചിരിച്ചുകൊണ്ട് പറഞ്ഞത്.

കുറച്ചുനാളുകൾക്ക് ശേഷം ഇതാ ഇന്നലെ നടന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിന് അവസരം കിട്ടുന്നു. ഇത്തവണ നായകൻ രോഹിത്, ജിതേഷിന് പകരം സഞ്ജു എന്ന് രോഹിത് പറഞ്ഞതും പണ്ട് അഫ്ഗാനിസ്ഥാനെതിരെ മുഴങ്ങിക്കേട്ട അതെ ആരവാം അതിന്റെ ഇരട്ടി ശക്തിയിൽ വരുമ്പോൾ രോഹിതും ചിരിച്ചു. ടീമിൽ വല്ലപ്പോഴും മാത്രം അവസരം കിട്ടുന്ന ഒരാൾക്ക് കിട്ടുന്ന വരവേൽപ്പ് ആണ് ഇതെന്ന് ഓർക്കണം.

മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തി എങ്കിലും അദ്ദേഹത്തിന്റെ ആരാധക പിന്തുണയിൽ യാതൊരു കുറവും വന്നിട്ടില്ല. അത് കൂടുകയാണ് ചെയ്യുന്നത് എന്ന് പറയാം. എന്തായാലും സഞ്ജു കിട്ടുന്ന ചെറിയ അവസരങ്ങളിൽ പോലും മികച്ച പ്രകടനം തുടർന്നാൽ അത് അദ്ദേഹത്തിന് ഭാവിയിൽ നൽകുന്ന ഊർജം വലുതായിരിക്കും. അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്ന ഒരുപറ്റം ആരാധകർ ഇപ്പോഴും പുറത്ത് ഉള്ളപ്പോൾ സഞ്ജു ഇനി സ്വന്തം പ്രകടനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.

മത്സരത്തിലേക്ക് വന്നാൽ ഇന്ത്യയിൽ നടന്ന ആവേശകരമായ ടി 20 മത്സരങ്ങളിൽ ഒന്നാണ് എന്ന് നിസംശയം പറയാൻ സാധിക്കും. രണ്ട് സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിലാണ് ഇന്ത്യ ആവേശ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ നേടിയത് 16 റണ്‍സാണ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നു.

രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. അഞ്ച് പന്തുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.