നാളെ നടക്കാനിരിക്കുന്ന ബോർഡർ – ഗവാസ്‌ക്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് ശരിക്കുമൊരു അഗ്നിപരീക്ഷ തന്നെയാണ്. ടെസ്റ്റിൽ ജയിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ പരമ്പര കൈവിടും. കുറച്ചധികം വർഷങ്ങളായി നിലനിർത്തിയിരുന്ന ആധിപത്യം ഓസ്‌ട്രേലിയക്ക് മുന്നിൽ അടിയറവ് വെക്കാൻ ഇന്ത്യ ആഗ്രഹികുന്നില്ല.
ടെസ്റ്റ് ടീമിന്റെ നായകൻ എന്ന നിലയിൽ രോഹിത്തിനും പരിശീലകൻ എന്ന നിലയിൽ ഗംഭീറിനും ഈ പരമ്പരയുടെ ഫലം പോസിറ്റീവ് ആയി അവസാനിക്കേണ്ടത് ആവശ്യമാണ്. സ്വന്തം മണ്ണിൽ കിവീസിനോട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം പരമ്പര പരാജയപ്പെട്ട് ടീം ഇനി ഒരു തോൽവി കൂടി താങ്ങില്ല. ഗംഭീറിനും പരിശീലക സ്ഥാനത്ത് തുടരാൻ വിജയം അത്യാവശ്യമാണ്. അതേസമയം നായകൻ എന്ന നിലയിലും താരമെന്ന നിലയിലും എല്ലാം നിരാശപ്പെടുത്തുന്ന രോഹിത്തിന് നായക സ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനം കൂടി ഉടൻ നഷ്ടമാകാൻ ഇടയുണ്ട് എന്നാണ് റിപ്പോർട്ട്.
പരമ്പരയിൽ ആകെ 35 റൺസ് മാത്രം നേടിയ രോഹിത് നാളെ കളിക്കുമോ എന്ന കാര്യത്തിൽ പോലും തീരുമാനം ആയില്ല. ഗൗതം ഗംഭീറിന്റെ വാർത്താസമ്മേളനത്തിലെ വാക്കുകളിൽ അതിനുള്ള സൂചനയുണ്ട്. രോഹിത് നാളെ കളിക്കുമോ എന്ന് ചോദിച്ചപ്പോൾ, “നാളെ പിച്ച് കണ്ടതിന് ശേഷം ടോസിൽ ഞങ്ങൾ പ്ലേയിംഗ് ഇലവനെ തീരുമാനിക്കും.” അദ്ദേഹം പറഞ്ഞു.
നായകന് പോലും ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് വ്യക്തമാണ്. പരിശീലന സെക്ഷനിലും രോഹിത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നു. അദ്ദേഹം ഇല്ലെങ്കിൽ ബുംറ ടീമിനെ നയിക്കും.