Suresh Varieth
ഫെബ്രുവരി 12, 13 തീയതികളില്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയുടെ മുള്‍മുനയിലാവുമെന്നുറപ്പ്. ബംഗളൂരുവില്‍ IPL 2022 അന്തിമ ലേലപ്പട്ടികയില്‍ ഇടം പിടിച്ച 590 കളിക്കാരില്‍ കേരളത്തിനു വേണ്ടി പാഡണിയുന്ന 13 പേരും ഇടം പിടിച്ചു. ആദ്യമായാണ് ഇത്രയും കളിക്കാര്‍ക്ക് കേരളത്തില്‍ നിന്ന് അവസരം കിട്ടുന്നത്. ഫ്രാഞ്ചൈസികളുടെ എണ്ണം പത്താക്കിയത് തീര്‍ച്ചയായും കളിക്കാര്‍ക്ക് ഗുണകരമാവും…. ലേലത്തിലുള്ള കേരളാ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
1. എസ് ശ്രീശാന്ത് – മലയാളികള്‍ ഈ ലേലത്തില്‍ ഏറ്റവുമധികം ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് ശ്രീശാന്തിന് വീണ്ടും ലൈംലൈറ്റിലേക്ക് മടങ്ങി വരാന്‍ കഴിയുമോ എന്നതാവും. മുന്‍പ് രാജസ്ഥാന്റെയും കൊച്ചിയുടെയും പഞ്ചാബിന്റെയും കളിക്കാരനായിരുന്ന അദ്ദേഹത്തിന്റെ അടിസ്ഥാന വില 50 ലക്ഷമാണ്.
2. ബേസില്‍ തമ്പി – അരങ്ങേറ്റം കുറിച്ച സീസണില്‍ തന്നെ ഗുജറാത്ത് ലയണ്‍സിനു കളിച്ച് എമര്‍ജിങ്ങ് പ്ലെയര്‍ ആയ ഇദ്ദേഹം പിന്നീട് ഹൈദരാബാദിലെത്തിയെങ്കിലും ഫോം നില നിര്‍ത്താന്‍ കഴിഞ്ഞില്ല.
3. ആസിഫ് KM – കഴിഞ്ഞ മൂന്നു സീസണില്‍ ചെന്നൈയോടൊപ്പമുള്ള ആസിഫിന് മൂന്നു മത്സരമാണ് കളിക്കാന്‍ കഴിഞ്ഞത്. തന്റെ മികവുകള്‍ പുറത്തെടുക്കാന്‍ പുതിയ ഫ്രാഞ്ചൈസികളില്‍ അവസരം കിട്ടിയാല്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും.
4. M D നിധീഷിന് ഈ സീസണ്‍ നിര്‍ണായകമാണ്. മുമ്പ് മുംബൈ ടീമിനൊപ്പം നിന്ന അനുഭവം അദ്ദേഹത്തിന് ഉപകരിക്കും.
5. ഷോണ്‍ റോജര്‍ – കേരളത്തിന്റെ പുത്തന്‍ പ്രതീക്ഷയായ ,ഇന്ത്യാ അണ്ടര്‍ 19 താരം ഷോണ്‍ റോജറിന് രാജസ്ഥാന്‍ ക്യാമ്പില്‍ പരിശീലിക്കാന്‍ ക്ഷണം ലഭിച്ചത് തികച്ചും പോസിറ്റീവായ കാര്യമാണ്.
6. റോബിന്‍ ഉത്തപ്പ – മുന്‍ ഇന്ത്യന്‍ താരവും കേരളത്തിന്റെ ഗസ്റ്റ് പ്ലേയറുമായ റോബിന്‍ IPL ചരിത്രത്തിലെ തന്നെ ഒരു സുവര്‍ണതാരമാണ്. കഴിഞ്ഞ സീസണിലും മികവിന്റെ മിന്നലാട്ടം പ്രകടിപ്പിച്ച ഇദ്ദേഹം ഈ ലേലത്തിലും മുന്‍നിര ടീമുകളിലൊന്നില്‍ ഇടം പിടിച്ചാല്‍ അതിശയമില്ല.
7. സിജോമോന്‍ ജോസഫ് – T20 യില്‍ പറയത്തക്ക നേട്ടങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ വിജയ് ഹസാരെ ഏകദിനത്തില്‍ ഓള്‍റൗണ്ട് പ്രകടനം ഫ്രാഞ്ചൈസികള്‍ കുറിച്ചു വച്ചിട്ടുണ്ടാവും.
8. റോഹന്‍ കുന്നുമ്മലിന് ഇതൊരു സര്‍പ്രൈസ് എന്‍ട്രിയാണ്. ആരെങ്കിലും ടീമിലുള്‍പ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ കരിയറിലെ വേറിട്ടൊരു അനുഭവമാവും.
9. മുഹമ്മദ് അസറുദ്ദീന്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തന്റെ മികവ് പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. കഴിഞ്ഞ തവണ ബാംഗളൂര്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും അവസരം കിട്ടിയില്ല.
10. ജലജ് സക്സേന – ഒരു പക്ഷേ കൂട്ടത്തില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍. 2013 മുതല്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായെങ്കിലും കഴിഞ്ഞ സീസണിലെ ഒരേയൊരു മത്സരമാണ് അദ്ദേഹത്തിനിക്കാലയളവില്‍ കളിക്കാന്‍ കഴിഞ്ഞത്.
11. എസ് മിഥുന്‍ ഈ സമയത്ത് ശരിക്കും ഭാഗ്യവാനാണ്. ഒരു IPL മത്സരം രാജസ്ഥാനായി 2019 ല്‍ ഇറങ്ങിയ ഇദ്ദേഹത്തെ വെസ്റ്റിന്‍ഡീസിനെതിരായ സീരീസില്‍ നെറ്റ് ബൗളറായി വിളിച്ചിട്ടുണ്ട്.
12. സച്ചിന്‍ ബേബിയെ ഏതെങ്കിലും ഫ്രാഞ്ചൈസി ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ IPL കരിയറിലെ തിരിച്ചു വരവാകുമത്. മുന്‍പ് രാജസ്ഥാനും ബാംഗളൂരും ടീമിലിടം നല്‍കിയ അദ്ദേഹം ശ്രീശാന്തും സഞ്ജുവും കഴിഞ്ഞാല്‍ ഏറ്റവുമധികം IPL മല്‍സരങ്ങള്‍ കളിച്ചയാളാണ്.
13. ഒരു പക്ഷേ ശ്രീശാന്ത് വിഷയത്തിലുപരി ഏവരും കാത്തിരിക്കുന്നത് വിഷ്ണു വിനോദിനെ ആരെടുക്കും എന്നതാണ്. RCB യുടെയും DC യുടെയും മുന്‍ താരം കിട്ടിയ അവസരങ്ങളിലെല്ലാം കേരളാ സെവാഗ് എന്ന പേര് അന്വര്‍ത്ഥമാക്കിയിട്ടുണ്ട്. ഏതു ഫോര്‍മാറ്റിലും ഏതു പൊസിഷനിലും വിശ്വസിക്കാവുന്ന ഇദ്ദേഹം നല്ല വിക്കറ്റ് കീപ്പറുമാണ്. കഴിഞ്ഞ സെയ്ദ് മുഷ്ടാക്ക് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിന്റെ മുന്‍നിര പോരാളി അദ്ദേഹമായിരുന്നു.
Read more
സഞ്ജു സാംസണൊപ്പം ഇത്തവണ IPL സീസണില്‍ കേരളത്തില്‍ നിന്ന് ആരെല്ലാം ഏതെല്ലാം ടീമില്‍ കളത്തിലിറങ്ങുമെന്നതിന് വ്യക്തമായ ഉത്തരം 13 ന് ലഭിക്കും.