'ടി20 ലോകകപ്പ് മത്സരങ്ങള്‍ ഞാനെന്തിന് കാണണം'; റിയാന്‍ പരാഗിനെതിരെ ശ്രീശാന്ത്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയം രാജ്യം മുഴുവന്‍ ആഘോഷിക്കുമ്പോള്‍, യുവ ക്രിക്കറ്റ് താരം റിയാന്‍ പരാഗും മുന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തും ഉള്‍പ്പെട്ട ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ കാണില്ലെന്ന് ടൂര്‍ണമെന്റിന് മുമ്പുള്ള പരാഗിന്റെ അഭിപ്രായത്തെ ശ്രീശാന്ത് വിമര്‍ശിച്ചതാണ് ഇതിലെ പുതിയ പുരോഗതി. ക്രിക്കറ്റില്‍ ദേശസ്നേഹത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീശാന്ത് പരാഗിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു.

ലോകകപ്പിനുള്ള ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാത്തതു കാരണം മല്‍സരങ്ങളൊന്നും കാണില്ലെന്നാണ് ചില യുവതാരങ്ങള്‍ പറഞ്ഞത്. എനിക്കു പറയാനുള്ളത് നിങ്ങള്‍ ആദ്യം ദേശഭക്തനാവുകയെന്നതാണ്. കൂടാതെ നിങ്ങള്‍ ക്രിക്കറ്റ് പ്രേമി ആയിരിക്കുകയും വേണം. പക്ഷെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത് ആരാണോ അവരെ ഹൃദയവും മനസ്സും പാഷനും കൊണ്ട് പിന്തുണയ്ക്കുകയും വേണം- ടി20 ലോകകപ്പ് ഫൈനലിന്റെ കമന്ററിക്കിടെ ശ്രീശാന്ത് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്‍ 2024 സീസണില്‍ 531 റണ്‍സ് നേടിയ പരാഗ് ടി20 ലോകകപ്പ് ടീമിലേക്ക് പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ താരത്തിന് ടീമില്‍ ഇടംലഭിച്ചില്ല. ഇതിലെ പ്രതിഷേധമാണ് യുവതാരത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്.

അതേസമയം, സിംബാബ്വെ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് പരാഗ്. ഇതാദ്യമായാണ് അദ്ദേഹം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിര അഞ്ചു ടി20കളാണ് സിംബാബ്വെയില്‍ കളിക്കുക. ഇത് ജൂലൈ 6 ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ആരംഭിക്കും.

Read more