എനിക്ക് വേണ്ട കേന്ദ്ര കരാർ, കുടുംബത്തിന് മുൻഗണന നൽകുന്നു എന്ന് വില്യംസൺ; ഒപ്പം എടുത്ത തീരുമാനത്തിൽ ആരാധകർക്ക് നിരാശ

കെയ്ൻ വില്യംസൺ ന്യൂസിലൻഡ് വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ജൂൺ 19 ബുധനാഴ്ച 2024-25 സീസണിലേക്കുള്ള കേന്ദ്ര കരാർ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തിരിക്കുകയാണ്. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അവരുടെ വെബ്‌സൈറ്റിൽ ഈ കാര്യം വെളിപ്പെടുത്തുകയും തൻ്റെ കരിയർ നീട്ടാനാണ് കെയ്ൻ ഈ നടപടി സ്വീകരിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു.

2024 ലെ ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലൻഡ് മോശം പ്രകടനമാണ് നടത്തിയത്. സൂപ്പർ 8 ഘട്ടത്തിൽ എത്തുന്നതിൽ അവർ പരാജയപ്പെട്ടു. ലീഗ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനോടും വെസ്റ്റിൻഡീസിനോടും കിവീസ് പരാജയപെടുക ആയിരുന്നു. കേന്ദ്ര കരാർ നിരസിച്ചെങ്കിലും ന്യൂസിലൻഡ് ക്രിക്കറ്റിൽ കെയ്ൻ വില്യംസൺ പ്രതിജ്ഞാബദ്ധനായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

“350 അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമായിട്ടുള്ള താരമാണ് അവൻ. തൻ്റെ അന്താരാഷ്ട്ര കരിയർ നീട്ടുന്നതിനായി കേന്ദ്ര കരാറും വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റൻസിയും താരം ഉപേക്ഷിക്കും. ഈ വേനൽക്കാലത്ത് ന്യൂസിലൻഡിൽ വളരെ കുറച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് മാത്രമേ നടക്കൂ എന്നതിനാൽ സാഹചര്യങ്ങൾ മുതലെടുക്കാൻ 33 കാരൻ തീരുമാനിച്ചു,” ന്യൂസിലൻഡ് ക്രിക്കറ്റിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തനിക്ക് താൽപ്പര്യം നഷ്ടപ്പെട്ടിട്ടില്ലെന്നും ഭാവിയിൽ ഒരു കേന്ദ്ര കരാർ സ്വീകരിക്കാൻ തയ്യാറാണെന്നും വില്യംസൺ പറഞ്ഞു. “ഫോർമാറ്റുകളിലുടനീളം ടീമിനെ മുന്നോട്ട് നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വേനൽക്കാലത്ത് വിദേശത്തുള്ള അവസരങ്ങൾ കിട്ടിയാൽ അതിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ എനിക്ക് ഒരു കേന്ദ്ര കരാർ സ്വീകരിക്കാൻ കഴിയില്ല.”

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കെയ്ൻ ആഗ്രഹിക്കുന്നു. “ന്യൂസിലൻഡിനായി ക്രിക്കറ്റ് കളിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്, പക്ഷേ എനിക്കും ഒരു കുടുംബമുണ്ട്. വീട്ടിലോ വിദേശത്തോ എൻ്റെ കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡിൽ നിന്നുള്ള കേന്ദ്ര കരാർ ലോക്കി ഫെർഗുസനും നിരസിച്ചിരിക്കുകയാണ്.