ബുധനാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ എട്ട് റൺസ് വിജയം നേടി ഇംഗ്ലണ്ടിനെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താക്കി ലോക ക്രിക്കറ്റിൽ തങ്ങളുടേതായ സ്ഥാനം അഫ്ഗാനിസ്ഥാൻ ഊട്ടിയുറപ്പിച്ചു. ടീമിന്റെ ഈ വിജയത്തിൽ ഒട്ടേറെ പേരുടെ അധ്വാനം ഉണ്ട്. അതിലൊരു പേര് പാക് താരം യൂനിസ് ഖാന്റേതാണ്. അഫ്ഗാൻ ടീമിന്റെ ഉപദേഷ്ടാവാണ് മുൻ പാക് താരം.
അഫ്ഗാനിസ്ഥാന്റെ ഉപദേഷ്ടാവായി ചുമതലയേൽക്കുന്നതിനായി പാകിസ്ഥാന്റെ സപ്പോർട്ട് സ്റ്റാഫിനൊപ്പം ചേരാനുള്ള വാഗ്ദാനം യൂനിസ് ഖാൻ നിരസിച്ചതായി റാഷിദ് ലത്തീഫ് ഒരു ടോക്ക് ഷോയിൽ വെളിപ്പെടുത്തി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ഒരു സെൻസേഷണൽ ബാറ്റിംഗ് പ്രകടനം നടത്തി, പ്രത്യേകിച്ച് ആദ്യ പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം.
146 പന്തിൽ 12 ഫോറും ആറ് സിക്സും സഹിതം 177 റൺസെടുത്ത ഇബ്രാഹിം സദ്രാൻ പുറത്താകാതെ നിന്നു അഫ്ഗാൻ ബാറ്റിംഗ് നിരയെ മുന്നിൽനിന്നും നയിച്ചു. ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദി, അസ്മത്തുല്ല ഒമർസായി, മുഹമ്മദ് നബി എന്നിവർ യഥാക്രമം 40,41,40 റൺസ് നേടി. ബൗണ്ടറികൾ വന്നുകൊണ്ടിരിക്കെ, പവലിയനിൽ നിന്ന് ആർപ്പുവിളിക്കുന്ന യൂനിസ് ഖാനെ കാണാമായിരുന്നു.
സദ്രാന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ 325/7 എന്ന കൂറ്റൻ സ്കോറാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317ന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.