''നീയെന്താണെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്ക് '' ;  മാഞ്ചസ്റ്റര്‍ ബെഞ്ചിലിരുത്തിയ വാന്‍ബീക്കിനോട് റാഷ്‌ഫോര്‍ഡ്

നീയെന്താണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കാണിച്ചുകൊടുക്കാന്‍ ബഞ്ചിലിരുത്തി വിയര്‍പ്പിച്ച വാന്‍ബീക്കിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ജനുവരിയില്‍ പുതിയ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വാന്‍ ഡീ ബീക്കിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്ററില്‍ ഒപ്പം കളിച്ച റാഷ്‌ഫോര്‍ഡ് മൂന്‍ സഹതാരത്തിന് മെസ്സേജ് അയച്ചത്. പകരക്കാരന്റെ പട്ടികയില്‍ ആയതില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അതൃപ്തനാണ്.

ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാമില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വാന്‍ ഡി ബീക്കിനെ 2020 ല്‍ 40 ദശലക്ഷം യൂറോ നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബില്‍ കൊണ്ടുവന്നത്്. എന്നാല്‍ കൂടുതല്‍ സമയവും താരത്തിന് ബഞ്ചിലിരിക്കാനായിരുന്നു യോഗം. ഇതോടെയാണ് താരം മാഞ്ചസ്റ്റര്‍ വിട്ടത്. എവര്‍ട്ടന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ മുന്‍ ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് വാന്‍ ഡീ ബീക്കിനെയും കൂടെ കൊണ്ടുവരികയായിരുന്നു. ലോണിലാണ് താരത്തെ എവര്‍ട്ടന്‍ എടുത്തിരിക്കുന്നത്.

താരം ക്ലബ്ബ് വിട്ടതോടെ റാഷ്ഫോര്‍ഡ് തന്റെ സന്തോഷം ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തു. ‘എന്റെ സഹോദരാ, നിനക്കെന്താണു കഴിയുകയെന്ന് അവര്‍ക്കു കാണിച്ചു കൊടുക്കുക’ എന്നാണു റാഷ്ഫോര്‍ഡ് വാന്‍ ഡി ബീക്കിന്റെ ലോണ്‍ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ കുറിച്ചത്. അവസരങ്ങള്‍ ഇല്ലാത്ത താരങ്ങളെ ക്ലബ് വിടാന്‍ സമ്മതിക്കാത്തതില്‍ റാഷ്ഫോര്‍ഡ് അതൃപ്തനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലിംഗാര്‍ഡിനെ ക്ലബ് വിടാന്‍ സമ്മതിക്കാത്തതില്‍ താരം പ്രതിഷേധം അറിയിച്ചിരുന്നു. മാഞ്ചസ്റ്റര്‍ വിടാന്‍ ഒരുങ്ങിയപ്പോള്‍ വാന്‍ ഡീ ബീക്കിനായി നിരവധി ക്ലബുകള്‍ രംഗത്ത് എത്തിയിരുന്നു. എവര്‍ട്ടണാണ് പക്ഷേ താരത്തെ സ്വന്തമാക്കുന്നതില്‍ വിജയിച്ചത്.