ഇവാനെ മാത്രം കുരുതികൊടുത്ത് ഒരു ഒത്തുതീർപ്പ് അതാണ് ഫെഡറേഷൻ ലക്ഷ്യം വെയ്ക്കുന്നത്, ആ വെള്ളക്കുപ്പായക്കാരനെ മാത്രം ബലിയാടാക്കാൻ കേരളത്തിന്റെ ആരാധകർ സമ്മതിക്കില്ല

ചോട്ടാ മുംബൈ എന്ന മോഹൻലാൽ പടത്തിൽ മോഹൻലാലിന്റെ അപ്പന്റെ വേഷം ചെയ്യുന്ന സായ്കുമാറും അനിയത്തിയുടെ വേഷം ചെയ്യുന്ന മല്ലികയും എപ്പോഴും വഴക്കാണ് , സിനിമയുടെ ഒരു ഘട്ടത്തിൽ മോഹൻലാലുമായി സായ്കുമാർ അകലുമ്പോൾ മല്ലികയുമായി ഒന്നിക്കുന്നുണ്ട്. ആ സമയത്ത് മോഹൻലാൽ പറയുന്ന ഒരു ഡയലോഗ്- “അപ്പന് ആരോടെങ്കിലും ഒന്ന് ഉണ്ടാക്കിയാൽ മതിയെന്ന് “. ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ മത്സരം വിവാദമായതോടെ മഞ്ഞപ്പട സോഷ്യൽ മീഡിയയിൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് നേരിട്ട്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ ടീമിനെ ഫെഡറേഷന് ആവശ്യമുണ്ട്, അതിനാൽ തന്നെ ചോട്ടാ മുംബൈയിലെ പോലെ എപ്പോഴും ഉണ്ടാക്കാനും കുറ്റപ്പെടുത്താനും അവർക്ക് ആൾ വേണം, അങ്ങനെ നോക്കിയപ്പോഴാണ് കേരളത്തിന്റെ ഇവാൻ വുകോമനോവിച്ചിനെ അവർക്ക് കിട്ടുന്നത്.

ബലിയാടാക്കാനും നാണക്കേട് ഒഴിവാക്കി നടപടിയെടുത്തു എന്ന് കാണിക്കാനും അങ്ങനെ ഒരു ആൾ. കേരളത്തെ വിലക്കിയത് ഉണ്ടാകുന്ന നഷ്ടം അറിയാവുന്നതിനാലാണ് അവർ ഇവാനെ തന്നെ പൊക്കിയത്. കോച്ചിനെതിരെ പ്രത്യേക നടപടിയാണ് ഉണ്ടാവുകയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എഐഎഫ്എഫ് കാരണം കാണിക്കൽ നോട്ടീസാണ് വുകോമനോവിച്ചിന് അയച്ചിരിക്കുന്നത്.

Read more

കോച്ചിന്റെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട മറുപടിയൊന്നും വന്നിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പരിശീലനെ ഒരു വർഷത്തേക്ക് വരെ വിലക്കാനും സാധ്യതകൾ കാണുന്നുണ്ട്, അങ്ങനെ വന്നാൽ അത് കേരളത്തിന് ഒരു നഷ്ടം ആയിരിക്കും. സ്ഥിരത കുറവിന്റെ പേരിൽ വിമർശനം കേട്ടിരുന്ന ടീമിനെ രണ്ടുവർഷം പ്ലേ ഓഫിൽ എത്തിച്ച പരിശീലകനെ, അയാൾ അങ്ങനെ ഇങ്ങനെ ഒന്നും വിട്ടുകൊടുക്കാൻ ടീം ഉദ്ദേശിക്കുന്നില്ല.