മുംബൈസിറ്റിയ്ക്ക് ബൈ...ബൈ ; ഹൈദരാബാദിന് ജയം, കേരളബ്‌ളാസ്‌റ്റേഴ്‌സ് സെമിയിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന് ഹൈദരാബാദ് എഫ്‌സിയോട് നന്ദി പറയാം. അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ തന്നെ കേരളത്തെ അവര്‍ സെമിയിലേക്ക് പറഞ്ഞുവിട്ടു. വിജയം അനിവാര്യമായിരുന്ന അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈസിറ്റിയെ 2-1 ന് ഹൈദരാബാദ് എഫ്‌സി കീഴടക്കി. ഇതോടെ ഗോവയുമായുള്ള അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ തന്നെ ബ്്‌ളാസ്‌റ്റേഴ്‌സ് സെമിയില്‍ കടന്നു. മൂംബൈസിറ്റിയ്ക്ക് അഞ്ചാം സ്്ഥാനക്കാരായി സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു.

ആദ്യ പകുതിയില്‍ തന്നെയായിരുന്നു ഹൈദരാബാദ് രണ്ടുഗോളും സ്‌കോര്‍ ചെയ്തത്. കളിയുടെ 14 ാം മിനിറ്റില്‍ രോഹിത് ദനുവും 41 ാം മിനിറ്റില്‍ ജോയെല്‍ ചയനീസുമായിരുന്നു ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത്. മുംബൈ ക്യാപ്റ്റന്‍ മൊര്‍ദാദാ പോള്‍ മുംബൈയ്ക്കായി രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കി. വീണ്ടും ഗോളടിക്കാനുള്ള മുംബൈയുടെ സമ്മര്‍ദ്ദങ്ങളെ ഹൈദരാബാദ് പ്രതിരോധം അതിജീവിച്ചതോടെ മുംബൈ മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞു.

Read more

ഈ വിജയത്തോടെ 38 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയാണ് ഹൈദരാബാദ് ലീഗിലെ കളികള്‍ പൂര്‍ത്തിയാക്കിയത്. 20 മത്സരങ്ങളില്‍ 11 ജയവും അഞ്ചു സമനിലയും നാലു തോല്‍വികളുമാണ് ഹൈദരാബാദിന് ഈ സീസണിലെ ലീഗ് മത്സരങ്ങളില്‍ സംഭവിച്ചത്. മുംബൈയ്ക്ക് 31 പോയിന്റില്‍ സീസണ്‍ അവസാനിപ്പിച്ചു. ഇതോടെ നാളെ നടക്കുന്ന ഗോവ കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് മത്സരം അപ്രസക്തമായി. കേരളം നാലാം സ്ഥാനത്ത് തുടരും. ഈ മത്സരം ആരാധകര്‍ക്കും ടീമിനും സമ്മര്‍ദ്ദമില്ലാതെ തന്നെ കാണുകയും കളിക്കുകയും ചെയ്യാം.