പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മുംബൈ സിറ്റിയുടെ വെല്ലുവിളി. പത്താം റൗണ്ട് പോരാട്ടത്തില്‍ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ ഫലം പ്രവചനാതീതം. രാത്രി എട്ടിന് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മത്സരം.
നേരത്തേ ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് മത്സരം സമ നിലയിലായി. മാര്‍ക് സിഫ്‌നിയോസിസ് ബ്ലാസ്റ്റേഴ്‌സിനായും ബല്‍വന്ത് സിങ് മുംബൈക്കായും ഗോള്‍ നേടി. ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും യുഗാണ്‍ഡ താരം കെസിറോണ്‍ കിസിത്തോയുടെ വരവും കേരള ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡല്‍ഹി ഡൈനാമോസിനെതിരേ ജയം നേടിയതും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തി.
പരിക്കില്‍നിന്ന് മുക്തനായ സി.കെ. വിനീത് ശനിയാഴ്ച ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഹ്യൂമിനെ മുന്‍നിര്‍ത്തിയുള്ള ഗെയിംപ്ലാനാകും ടീം നടപ്പാക്കുന്നത്. മധ്യനിരയില്‍ കിസിത്തോ, കറേജ് പെക്കൂസന്‍, ജാക്കിചന്ദ് സിങ് എന്നിവര്‍ വരും. വിനീത് കളിച്ചില്ലെങ്കില്‍ അരാത്ത ഇസൂമി, മിലന്‍ സിങ്, സിയാം ഹംഗല്‍ എന്നിവരിലൊരാള്‍ കളത്തിലിറങ്ങും. പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍, സന്ദേശ് ജിംഗാന്‍, റിനോ ആന്റോ, ലാല്‍റുത്താര എന്നിവരാകും.
Read more
മുംബൈ മുന്നേറ്റത്തില്‍ അതിവേഗക്കാരന്‍ ബല്‍വന്ത് സിങ്ങും ബ്രസീല്‍ താരം എവര്‍ട്ടന്‍ സാന്റോസുമാകും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് തലവേദന സൃഷിക്കുക. മുംബൈ പ്രതിരോധം കരുത്തേറിയതാണ്. നായകന്‍ ലൂസിയാന്‍ ഗോയ്ന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തില്‍ ഗഴ്‌സന്‍ വിയേര, മെഹറാജുദ്ദീന്‍ വാഡു, ദേവീന്ദര്‍ സിങ്, ലാല്‍ച്വന്‍കീമ, മൗറീഷ്യ റോസാരിയോ തുടങ്ങിയവരുണ്ട്.