'പുലിയെ അതിന്റെ മടയില്‍ പോയി അലക്കി'; അര്‍ജന്റീനയുടെ വിജയത്തില്‍ പ്രതികരിച്ച് ഐ.എം വിജയന്‍

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന കിരീടം ചൂടിയതിന്റെ സന്തോഷത്തില്‍ ഐ.എം വിജയന്‍. “പുലിയെ അതിന്റെ മടയില്‍ പോയി അലക്കി” എന്നാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചതിനെ വിജയന്‍ വര്‍ണിച്ചത്. ബ്രസീലും മികച്ച കളിയാണ് കാഴ്ചവെച്ചതെന്നും ഈ ടൂര്‍ണമെന്റിലെ നെയ്മറിന്റെ ഏറ്റവും മികച്ച പ്രകടനമാണ് മാരക്കാനയില്‍ കണ്ടതെന്നും വിജയന്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കളിയിലെ താരമായി നെയ്മറിനെ തിരഞ്ഞെടുക്കണമായിരുന്നെന്നും വിജയന്‍ അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന പരാജയപ്പെടുത്തിയത്. 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

Image

1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ജയത്തോടെ അര്‍ജന്റീന 15 കോപ്പ അമേരിക്ക കിരീടവുമായി യുറഗ്വായുടെ റെക്കോഡിന് ഒപ്പമെത്തി.കിരീട നേട്ടത്തിനൊപ്പം ടൂര്‍ണമെന്‍റിലെ വ്യക്തിഗത പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസിയ്ക്കാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം. നാലു ഗോളുകളും, അഞ്ച് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലുടനീളം മാസ്മരിക പ്രകടനമാണ് മെസി കാഴ്ചവെച്ചത്.

Image

Read more

ടൂര്‍ണമെന്റില്‍ ഉടനീളം ഫൈനലിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസാണ് ഈ കോപ്പയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയയാണ് ഫൈനലിലെ താരം.