കണ്ണീരണിഞ്ഞ് നെയ്മര്‍; മെസിയെ വീഴ്ത്തുമെന്ന വെല്ലുവിളി പാഴായി

മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. അര്‍ജന്റീന ചാമ്പ്യന്മാരായതോടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ വെല്ലുവിളി പാഴായി.

അര്‍ജന്റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ എതിരാളിയായി വേണമെന്നും, ഫൈനലില്‍ അവരെ തോല്‍പ്പിച്ച് തങ്ങള്‍ക്ക് കിരീടം നേടണമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ബ്രസീലിന്റെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെയായിരുന്നു ഇത്. നെയ്മര്‍ നല്ല കുട്ടിയാണെന്നും എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു ഇതിന് മെസി നല്‍കിയ മറുപടി. ഒടുവില്‍ ഫലം മെസിയ്ക്ക് അനുകൂലമായി. മത്സര ശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചു.

ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. 22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

Read more

ഫൈനലിന്റെ രണ്ടാം പകുതിയില്‍ ബ്രസീല്‍ ശക്തമായി ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 52ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. അതിന് പിന്നാലെ 54ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. 1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്.