'ആശാനെ ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ കാണാം'; എം.എം മണിയെ വെല്ലുവിളിച്ച് ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും

കോപ്പ അമേരിക്കയില്‍ 14 വര്‍ഷത്തിന് ശേഷം ബ്രസീല്‍-അര്‍ജന്റീന ഫൈനലിന് അരങ്ങുണര്‍ന്നിരിക്കുകയാണ്. മാരക്കാനയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍ പോരാട്ടം. സ്വപ്‌നമത്സരം സഫലമാകുന്നതോടെ പോര്‍വിളിയുമായി രംഗത്തു വന്നിരിക്കുകയാണ് ബ്രസീല്‍- അര്‍ജന്റീന ആരാധകര്‍. കേരള രാഷ്ട്രീയത്തിലും പോര്‍വിളികള്‍ ഉയര്‍ന്നു കഴിഞ്ഞു.

അര്‍ജന്റീനിയന്‍ ആരാധകനായ എംഎം മണിയെ വെല്ലുവിളിച്ച് മന്ത്രി ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തുണ്ട്. അര്‍ജന്റീന ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് ബ്രസീല്‍ ആരാധകരായ കടകംപള്ളി സുരേന്ദ്രനും വി ശിവന്‍കുട്ടിയും എം.എം മണിയെ വെല്ലുവിളിച്ച് എത്തിയത്.

“മണി ആശാനേ.. ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്ബോള്‍ ചരിത്രം കുറിക്കും” എന്നാണ് കടകംപള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചത്. “കോപ്പ ഫൈനലില്‍ തീപാറും, ബ്രസീല്‍ അര്‍ജന്റീനയെ നേരിടും, ആശാനേ മാറക്കാനയില്‍ കാണാം” എന്നാണ് ശിവന്‍കുട്ടി കുറിച്ചത്.

Read more

“അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ എന്നാണ്” എം.എം മണിയുടെ പോസ്റ്റ്. ഇന്നു നടന്ന സെമി ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടന്നത്. അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.