വിവാദ ഗോളില്‍ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘടകരായ എഫ്എസ്ഡിഎല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രധാന ടീമുകളില്‍ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ലീഗിനെ ബാധിക്കും എന്ന നിരീക്ഷണമാണ് ലീഗ് സംഘാടകരുടെ ഈ നീക്കത്തിന് പിന്നില്‍.
വിലക്ക് ഒഴിവാക്കി ശിക്ഷ പിഴത്തുകയില്‍ ഒതുക്കാനാണ് നീക്കം. പരിശീലകനും വിലക്ക് ഉണ്ടാകില്ല. ഇതോടെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന സൂപ്പര്‍ കപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാനായുള്ള തയ്യാറെടുപ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പ്രവേശിച്ചു.
ഏപ്രില്‍ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പ് ആരംഭിക്കുക. അതിനു ശേഷം അതിലെ വിജയികളായ അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 16 ടീമുകളുടെ ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രില്‍ 8 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും.
കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി എന്നീ ടീമുകള്‍ക്കൊപ്പം റൗണ്ട് ഗ്ലാസ് പഞ്ചാബും യോഗ്യതാ റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിലാണ്. ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീമും ഉണ്ടാവും.
Read more
ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ, ജംഷഡ്പൂര്‍ എഫ്‌സി എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം കളിക്കും. മുംബൈ സിറ്റി, ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്തീസ്റ്റ് യുണൈറ്റഡ്, യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം എന്നിവര്‍ ഗ്രൂപ്പ് ഡിയിലാണ്. ഏപ്രില്‍ 21നും 22നും ആകും സെമി ഫൈനലുകള്‍. ഏപ്രില്‍ 25ന് കോഴിക്കോട് വെച്ചാണ് ഫൈനല്‍.