യൂറോകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് തുടക്കം ഗംഭീരമാക്കി ജര്‍മനി. യുവതാരങ്ങളുടെ കരുത്തില്‍ നാലാം കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ജര്‍മനി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. ഇതിന്റെ റിസള്‍ട്ടും കണ്ട മത്സരത്തില്‍ യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോഡോടെയാണ് ജര്‍മനിയുടെ യുവ പോരാളികള്‍ ബൂട്ടഴിച്ചത്.
ഫ്ളാറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാല (19),കെയ് ഹാവെര്‍ട്സ് (45+1) , നിക്ലാസ് ഫുള്‍ക്രുഗ് ((68),എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മിയുടെ സ്‌കോറര്‍മാര്‍. ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് ആശ്വാസിക്കാന്‍ വകയുണ്ടാക്കിയത്.
3-4-3 ഫോര്‍മേഷനിലിറങ്ങിയ സ്‌കോട്ട്ലന്‍ഡിനെ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ജര്‍മനി നേരിട്ടത്. 10ാം മിനിറ്റിലാണ് ഫ്ളാറിയന്‍ വിര്‍ട്സിലൂടെ ടൂര്‍ണ്ണമെന്റിലെ ആദ്യ ഗോള്‍ നേടിയത്. 21-കാരനായ ഫ്ളാറിയന്‍ യൂറോകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജര്‍മന്‍താരം എന്ന നേട്ടത്തിനും അര്‍ഹനായി.
ആദ്യപകുതിയില്‍ തന്നെ ആതിഥേയര്‍ മൂന്ന് ഗോളിന്റെ ലീഡെടുത്തു. ആദ്യ 20 മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ നേടി സമഗ്രാധിപത്യംസ്ഥാപിച്ച ജര്‍മനി പകുതിയുടെ അവസാനഘട്ടത്തില്‍ പെനാല്‍റ്റി കിക്കിലൂടെയും ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയുടെ തുടക്ക സമയത്ത് മികച്ച പ്രത്യാക്രമണം സ്‌കോട്ട്‌ലന്‍ഡ് നടത്തിയെങ്കിലും ഫലവത്തായില്ല. റയാന്‍ പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡ് പുറത്തായതോടെ രണ്ടാംപകുതിയില്‍ പത്ത് പേരുമായിട്ടാണ് സ്‌കോട്ട്‌ലന്‍ഡ് കളി പൂര്‍ത്തിയാക്കിയത്.