അർജന്റീനയ്ക്ക് ലോകകപ്പ് ഉയർത്തി അവർക്കുള്ള മറുപടി നൽകണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു: ലയണൽ മെസി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ് അദ്ദേഹം.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ 2019 കാലഘട്ടത്തിൽ അർജന്റീന മികച്ച ടീം ആയിരുന്നില്ല. ആ സമയത്ത് അർജന്റീനയിലെ മാധ്യമ പ്രവർത്തകർ മെസിയെ വളരെയധികം മോശമായ രീതിയിൽ ചിത്രീകരിച്ചിരുന്നു. മെസി ടീമിൽ നിന്ന് പുറത്താകും എന്നും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” എന്നെ വേട്ടയാടിയ മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകണം എന്നായിരുന്നു എന്റെ മനസ്സിൽ. അത് കൊണ്ട് തന്നെ എനിക്ക് അർജന്റീനയ്ക്ക് വേണ്ടി ഏതെങ്കിലും ഒരു ട്രോഫി നേടണം എന്ന ലക്‌ഷ്യം വെച്ചാണ് ഞാൻ പ്രയത്നിച്ചത്. അത് ചെയ്യാൻ ആയില്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നു എനിക്ക് തോന്നിയിരുന്നു. എന്റെ മകൻ എപ്പോഴും യുട്യൂബിലാണ്. ഒരു വീഡിയോ കണ്ടപ്പോൾ അവൻ എന്നോട് ചോദിച്ചു, എന്തിനാണ് അർജന്റീനക്കാർ ഇത്രയും എന്നെ താഴ്ത്തുന്നത് എന്ന്” ലയണൽ മെസി പറഞ്ഞു.