ഐഎസ്എല്‍ മത്സരക്രമമായി; കിക്കോഫ് കൊച്ചിയില്‍

ഐഎസ്എല്‍ ഫുട്‌ബോളിന്റെ 10ാം സീസണിന് സെപ്റ്റംബര്‍ 21-ന് തുടക്കമാകും. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. വൈകുന്നേരം എട്ട് മുതലാണ് മത്സരം. ഡബിള്‍ ഹെഡറുകള്‍ വൈകുന്നേരം 5.30 ന് ആരംഭിക്കും.

ഐഎസ്എല്‍ പുതിയ സീസണിന് കിക്കോഫാകുമ്പോള്‍ പ്രീ-സീസണ്‍ ഒരുക്കങ്ങളുടെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ.യിലെത്തി. സെപ്റ്റംബര്‍ 16 വരെ നീളുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ നടത്തുന്നത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്‌സ് മൂന്ന് സൗഹൃദമത്സരം കളിക്കും.

സെപ്റ്റംബര്‍ ഒമ്പതിന് സബീല്‍ സ്റ്റേഡിയത്തില്‍ അല്‍ വാസല്‍ എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൗഹൃദമത്സരം. 12-ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും 15-ന് ദുബായിയില്‍ പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും.