ഇവാന്‍ വുകുമാനോവിച്ചിനെ വിലക്കും, ടീമിന് എതിരെയും നടപടി; എ.ഐ.എഫ്.എഫ് പ്രഖ്യാപനം ഉടന്‍

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാന്‍ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് വിവരം. ബെംഗളൂരു എഫ്.സി ക്കെതിരായ പ്ലേ ഓഫിലെ വിവാദ മത്സരത്തിലാണ് നടപടി വരുന്നത്. ഇവാനെതിരെ വിലക്കുണ്ടാകുമെന്നാണ് അറിയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുലാവോ ട്വീറ്റ് ചെയ്തു.

കോച്ചിന് എതിരായ നടപടിക്ക് പുറമേ ക്ലബ്ബിനെതിരെയും നടപടിയുണ്ടാവും. ക്ലബ്ബ് വലിയ തുക പിഴ അടക്കേണ്ടി വരും. അടുത്ത ദിവസങ്ങളില്‍ തന്നെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

പ്ലേ ഓഫില്‍ ബെംഗളൂരു എഫ്.സി ക്കെതിരായ മത്സരത്തിലെ വിവാദ ഗോളിനെ തുടര്‍ന്ന് ടീമിനെ മത്സരം പൂര്‍ത്തിയാകും മുമ്പ് ഇവാന്‍ തിരിച്ചു വിളിച്ചിരുന്നു. ഇത് വലിയ കോളിളക്കാണ് ഫുട്‌ബോള്‍ ലോകത്ത് സൃഷ്ടിച്ചത്.

ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും കഴിഞ്ഞ ഫൈനലില്‍ ഉള്‍പ്പെടെ റഫറി ക്രിസ്റ്റല്‍ ജോണ്‍ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഇതെന്നുമാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നല്‍കിയ നോട്ടിസിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തില്‍ ഇതേ റഫറി വരുത്തിയ പിഴവ് ഉള്‍പ്പെടെയുള്ളവയുടെ തുടര്‍ച്ചയായാണ് ടീമിനെ പിന്‍വലിച്ചത് ഉള്‍പ്പെടെയുള്ള കഠിനമായ തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അന്നും ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചിരുന്നു. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. അന്ന് ഫൈനലിലെ തോല്‍വിക്കു ശേഷം കളിക്കാരെയും ആരാധകരെയും സമാധാനിപ്പിക്കാന്‍ സാധിച്ചില്ല. ഇത്തവണയും അതേ റഫറി നിര്‍ണായക മത്സരത്തില്‍ പിഴവ് ആവര്‍ത്തിച്ചപ്പോള്‍ സഹിക്കാനായില്ലെന്ന് ഇവാന്‍ നോട്ടീസിന് മറുപടിയായി പറഞ്ഞു.