മിഖായേൽ സ്റ്റാഹ്രെ ഔട്ട്! കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ആശാൻ തിരിച്ചു വരുമോ?

മോശം പ്രകടനങ്ങളുടെ തുടർച്ചയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയെയും കോച്ചിങ് സ്റ്റാഫുകളെയും പുറത്താക്കി. സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫിൽ കയറിയിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടി ടേബിളിൽ പത്താം സ്ഥാനത്താണ്. രണ്ട് സമനിലയും ഏഴ് തോൽവികളുമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റുവാങ്ങിയത്.

ചെന്നൈയിൻ എഫ്‌സിയെ മൂന്ന് ഗോളിന് തോല്പിച്ചത് മാറ്റി നിർത്തിയാൽ ഈ അടുത്ത കാലത്തൊന്നും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയോ അതിന് അടുത്ത് എത്തുകയോ ചെയ്തിട്ടില്ല. നിലവിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ആരാധകരും തമ്മിലുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത മത്സരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. തുടർച്ചയായ വാഗ്ദാന ലംഘനങ്ങളുടെ പരമ്പരയുടെ പശ്ചാത്തലത്തിലാണ് മഞ്ഞപ്പട ഇത്തരമൊരു പ്രതിഷേധത്തിന് ഒരുങ്ങുന്നത് എന്ന് അവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഞ്ഞപ്പട സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ:

“ഞങ്ങളുടെ ക്ലബ്ബിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. മാനേജ്‌മെൻ്റിൻ്റെ തെറ്റായ തീരുമാനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ടീമിൻ്റെ മോശം പ്രകടനം. വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും പാലിക്കാത്ത ഓരോ ഘട്ടത്തിലും ഞങ്ങൾ ഞങ്ങളുടെ ആശങ്കകൾ ഉന്നയിച്ചു. ഈ സാഹചര്യത്തിൽ ഞങ്ങൾ അങ്ങേയറ്റം നിരാശരാണ്. പ്രതിഷേധ സൂചകമായി, ഈ സീസണിലെ മത്സര ടിക്കറ്റുകൾ വിൽക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു”

“ബാഡ്ജിനോടുള്ള ഞങ്ങളുടെ സ്നേഹം ഉപേക്ഷിക്കില്ല, ഞങ്ങൾ കിഴക്കൻ ഗാലറിയിൽ പ്രതിഷേധിക്കും. ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കുന്നതിൽ മാനേജ്‌മെൻ്റ് പരാജയപ്പെട്ടാൽ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഞങ്ങളുടെ പ്രതിഷേധം മാനേജ്‌മെൻ്റിന് നേരെ മാത്രമാണ്. ഞങ്ങളുടെ പോരാട്ടം അവരുടെ തീരുമാനങ്ങൾക്കെതിരെയാണ്, കളിക്കാർക്കോ കോച്ചിംഗ് സ്റ്റാഫിനോ എതിരെയല്ല. വാക്കുകൾ അർത്ഥവത്തായ പ്രവർത്തനങ്ങളായി മാറുന്നത് വരെ ഞങ്ങൾ നിർത്തില്ല. ഞങ്ങൾ മത്സരങ്ങൾ ബഹിഷ്‌കരിക്കില്ല. ഞങ്ങളുടെ നിലപാടുകളിൽ നിന്നുകൊണ്ട് ഞങ്ങൾ പ്രതിഷേധം പ്രകടിപ്പിക്കും”.

ഇത്തരമൊരു ഘട്ടത്തിൽ ആരായിരിക്കും അടുത്ത ബ്ലാസ്റ്റേഴ്‌സ് കോച്ച് എന്ന ചർച്ച പുരഗമിക്കുമ്പോൾ നിലവിൽ ആരധകരുടെ സമ്മർദ്ദത്തിൽ മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ തിരിച്ചു കൊണ്ട് വരാനുള്ള സാധ്യതകളുമുണ്ട് എന്ന് റൂമറുകൾ പരക്കുന്നുണ്ട്. അതേ സമയം മാനേജ്‌മന്റ് തത്കാലം അവരുടെ മുഖം രക്ഷിക്കാൻ കോച്ചിനെ ബലിയടക്കിയതാണ് എന്ന വാദവും ശ്രദ്ധനേടുന്നുണ്ട്.