സംഗീത് ശേഖര്‍
We are privileged ,aren’t we ? Of course we are… നമുക്കയാളുടെ കളി ലൈവായി കാണാന്‍ സാധിക്കുന്നുണ്ട് എന്നതിനപ്പുറം ഒരു ഫുട്‌ബോള്‍പ്രേമിയുടെ ജീവിതത്തിനു പൂര്‍ണത നല്‍കുന്നതായിട്ട് വേറെയൊന്നുമില്ല . ടെക്‌നിക്കലി ഉന്നതനിലവാരം പുലര്‍ത്തുന്ന പ്രതിഭാശാലിയായൊരു ഫുട്‌ബോളര്‍ക്ക് ഒരു ഫുട്‌ബോള്‍ മൈതാനത്തു ചെയ്യാന്‍ കഴിയുന്നതിന്റെ അങ്ങേയറ്റമാണ് ലയണല്‍ മെസ്സിയെന്ന ഫുട്‌ബോളര്‍ നമുക്ക് കാട്ടിത്തന്നത്. പല മികച്ച ഫുട്‌ബോളര്‍മാരുടെയും കാര്യത്തില്‍ വിപരീതദിശകളില്‍ സഞ്ചരിക്കാറുള്ള പ്രതിഭയുടെയും പ്രകടനമികവിന്റെയും ഗ്രാഫ് അസൂയയോടെ മാത്രം നോക്കിനില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ സെറ്റ് ചെയ്ത ഫുട്‌ബോളര്‍. ഏഴാമത്തെ ബാലണ്‍ ഡി ഓര്‍ മെസ്സിക്ക് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്. ഡിബേറ്റുകളില്‍ വിമര്‍ശകര്‍ എന്നും ഉയര്‍ത്തികൊണ്ടിരുന്ന അര്‍ജന്റീനക്ക് വേണ്ടിയുള്ള ലോക കിരീടങ്ങളുടെ അഭാവമെന്ന മൈനസ് പോയന്റിനെ ഇല്ലാതാക്കിയ കോപ്പ അമേരിക്കയിലെ കിരീടനേട്ടമാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓറിനു മെസ്സിയെ സഹായിച്ചതെന്നതാണ് രസകരമായ കാര്യം. 4 ഗോളുകള്‍, 5 അസിസ്റ്റുകള്‍, ഗോള്‍ഡന്‍ ബൂട്ട് & പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്.. ലയണല്‍ മെസ്സി അക്ഷരാര്‍ത്ഥത്തില്‍ കോപ്പ അമേരിക്ക ഭരിക്കുകയായിരുന്നു.
പ്രതിഭയില്ലാത്തവന്‍ പന്തുമായി മുന്നേറുമ്പോള്‍ മൈതാനത്ത് മുഴുവനും തടസ്സങ്ങളായിരിക്കും. വിശാലമായ മൈതാനത്ത് പോലും ഫ്രീ സ്പേസ് ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ എതിരെ കളിക്കുന്നത് 11 ജോഡി കാലുകളാണോ അതിലധികമാണോ എന്ന സംശയം ഉളവാക്കുന്ന രീതിയില്‍ അവന്‍ ഉഴലുമ്പോള്‍ അസാമാന്യ പ്രതിഭാശാലിയായ കളിക്കാരന് മൈതാനത്തെങ്ങും ശൂന്യമായ സ്ഥലങ്ങളായിരിക്കും. അഴിച്ചു വിട്ട യാഗാശ്വത്തെ പോലെയവന് മേഞ്ഞു നടക്കാനൊരുക്കിയ പുല്‍മൈതാനങ്ങളെ പ്രതിഭയുടെ വിസ്‌ഫോടനം കൊണ്ട് സ്പര്‍ശിച്ചുണര്‍ത്തിയ പ്രതിഭയുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നത് അഭിമാനിക്കേണ്ട കാര്യമാണ്. വിമര്‍ശകര്‍ക്ക് പോലും അവഗണിക്കാന്‍ കഴിയാത്ത വിധം സ്വപ്നതുല്യമായൊരു കരിയറും വിശേഷണങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പ്രകടനങ്ങളും കൊണ്ട് തന്നിലെ പ്രതിഭയെയും തന്നില്‍ അര്‍പ്പിക്കപ്പെട്ട പ്രതീക്ഷകളെയും ന്യായീകരിച്ച മറ്റൊരു കളിക്കാരനുണ്ടോയെന്നു സംശയമാണ്.
2017 / 18 ചാമ്പ്യന്‍സ് ലീഗിലെ ബാര്‍സിലോണ-ചെല്‍സി മത്സരം കഴിഞ്ഞപ്പോള്‍ ലയണല്‍ മെസ്സിയുടെ ഗോളുകളെയും മറികടന്നു മനസ്സില്‍ തങ്ങി നില്‍ക്കുന്ന ദൃശ്യം വേറെയാണ് . ഫാബ്രിഗാസില്‍ നിന്നും പന്ത് തട്ടിയെടുത്ത് കുതിക്കുന്ന മെസ്സിയെ ടാക്കിള്‍ ചെയ്യാനുള്ള ആന്ദ്രെയാസ് ക്രിസ്റ്റിന്‍സന്റെ ശ്രമം പരാജയപ്പെടുന്നു .ഒപ്പം ഓടിയെത്തുന്ന സെസാറിനെ ഒരു സബ് ലൈം ടച്ചിലൂടെ മറി കടക്കുന്നു. ചെല്‍സിയുടെ 4 കളിക്കാര്‍ എങ്കിലും അയാള്‍ക്ക് അടുത്തേക്ക് ഓടിയെത്തുന്നുണ്ട്. പാസ് പ്രതീക്ഷിച്ചു മുന്നിലോടുന്ന ലൂയിസ് സുവാരസ്. സത്യത്തില്‍ ആയൊരു നിമിഷം അയാളുടെ കാലില്‍ നിന്നും പന്ത് തട്ടിയെടുക്കപ്പെടുന്നത് കാണാനാണ് കാത്തിരുന്നത്. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍ ഷോട്ട് എടുക്കാനോ പാസ് ചെയ്യാനോ കഴിയാതെ ചെല്‍സി കളിക്കാരാല്‍ ഡിസ് പൊസ്സസ് ചെയ്യപ്പെടുന്ന നിസ്സഹായനായ ഒരു മെസ്സിയെ കാണാന്‍. തന്റെ വലത് വശത്തേക്ക് ഒരു നോട്ടം അത്ര മാത്രം.
ഒന്നോ രണ്ടോ സെക്കണ്ട് ഡിലെ ചെയ്ത് ഡെമ്പേലെയുടെ റണ്‍ സിങ്ക് ആക്കിയതിനു ശേഷം ചെല്‍സി കളിക്കാരെ മാത്രമല്ല ലൂയിസ് സുവാരസിനെയും അമ്പരപ്പിച്ചു കൊണ്ടൊരു പാസ്. ഒരൊറ്റ പാസ്സില്‍ നാലോ അഞ്ചോ ചെല്‍സി കളിക്കാര്‍ ചിത്രത്തില്‍ നിന്നും എഫക്ടീവ് ആയി മായ്ക്കപെടുന്നു. ദെമ്പേലേയുടെ തകര്‍പ്പന്‍ ഫിനിഷ്.. എവരി തിംഗ് ഈസ് പെര്‍ഫക്റ്റ്. ചെല്‍സി ആ നിമിഷം ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താണ്. ലയണല്‍ മെസ്സി നിങ്ങളുടെ മുന്നിലുണ്ട്. എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയുമായി. 50 കൊല്ലങ്ങള്‍ കൂടുമ്പോള്‍ പിറവിയെടുക്കുന്ന അസാധാരണ പ്രതിഭയെന്ന വിശേഷണം മെസ്സിക്ക് ചാര്‍ത്തി കൊടുക്കാതിരിക്കാന്‍ അന്റോണിയോ കൊണ്ടെക്ക് കഴിയില്ല, കാരണം അയാള്‍ കണ്ടിരിക്കുന്നത് ഫുട്‌ബോളില്‍ വല്ലപ്പോഴും മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ഒരു ജീനിയസ്സിനെയാണ്.
സ്വാഭാവിക പ്രതിഭയുടെ ജ്വലിക്കുന്ന ഉദാഹരണമെന്നു നിസ്സംശയം പറയുമ്പോഴും മെസ്സിയുടെ അസാദ്ധ്യമായ സാങ്കേതിക മികവിനെ അവഗണിക്കാന്‍ കഴിയുമോ? പന്ത് റിസീവ് ചെയ്യുമ്പോഴും നാലഞ്ച് എതിര്‍ കളിക്കാരുടെ ഇടയിലൂടെ ഡ്രിബിള്‍ ചെയ്തു കടന്നു പോകുമ്പോഴുമുള്ള ബോഡി ബാലന്‍സും കണ്‍ട്രോളും ശ്രദ്ധിക്കുക. ചെറിയ സ്‌പേസുകള്‍ പോലും മനോഹരമായി ഉപയോഗിക്കുന്ന രീതിയും. ഹൈ പ്രസ്സിംഗിനെ നേരിടേണ്ടി വരുമ്പോള്‍ പോലും മെസ്സിക്ക് പന്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. ഇന്ന് കളിക്കുന്നവരില്‍ അയാളെ വേറിട്ട് നിര്‍ത്തുന്നതും സ്വയം സ്‌പേസ് ഉണ്ടാക്കിയെടുക്കുന്നതിനോപ്പം എതിരാളിയെ തന്നിലേക്ക് ആകര്‍ഷിച്ചു സഹകളിക്കാര്‍ക്ക് സ്‌പേസ് ഉണ്ടാക്കി കൊടുക്കുന്ന കഴിവിന്റെ കൂടെ ബലത്തിലാണ്. ലോകോത്തര കളിക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരില്‍ പലരും ഓഫര്‍ ചെയ്യുന്ന ത്രെറ്റ് എന്നത് കുറച്ചൊക്കെ പ്രെഡിക്റ്റബിള്‍ തന്നെയാണ് എന്നിരിക്കെ വണ്‍ ഡൈമന്‍ഷണല്‍ ആയുള്ള കളിക്കാര്‍ക്കിടയില്‍ വേര്‍സറ്റൈല്‍ ആയൊരു കളിക്കാരന്‍ വേറിട്ട് തന്നെ നില്‍ക്കും.
ലോതര്‍ മതെയസിനെ പോലുള്ളവര്‍ പന്തിങ്ങനെ സാക്ഷാല്‍ ഡീഗോ മറഡോണയുടെ കാലില്‍ ഒട്ടിചേര്‍ന്ന് ആ കാലുകളോടൊപ്പം സഞ്ചരിക്കുന്നതിനെ അദ്ഭുതത്തോടെ വിവരിക്കുന്നത് വായിച്ചിട്ടുണ്ട് . മെസ്സിയുടെ കാര്യം നമ്മളിപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. പൂട്ടാന്‍ നില്‍ക്കുന്ന നാലോ അഞ്ചോ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ കുതിക്കുമ്പോഴും പന്ത് അയാളുടെ ഇടതുകാലിനോട് അസൂയാവഹമാം വിധം ചേര്‍ന്ന് പോകുകയാണ്. പലതവണ കണ്ടു കഴിഞ്ഞതാണ്, വിവരിക്കപ്പെട്ടതാണ്, എങ്കിലും ഓരോ തവണയും ഫുട്‌ബോളര്‍ എന്ന നിലയിലുള്ള തന്റെ ക്രാഫ്റ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലയണല്‍ മെസ്സി.
പന്തിന്മേലുള്ള നിയന്ത്രണത്തോടൊപ്പം അസാധ്യമായ ഉള്‍ക്കാഴ്ചയും ഡ്രിബിളിംഗ് പാടവവും ടൈറ്റ് സ്പേസുകളില്‍ നിന്ന് പോലും സ്‌കോര്‍ ചെയ്യാനുള്ള മികവും കൂടെ ചേര്‍ന്നാണ് മെസ്സിയിലെ കംപ്ലീറ്റ് ഫുട്‌ബോളറെ സൃഷ്ടിച്ചത്. പീക് ടൈം കഴിഞ്ഞെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഏതൊരു ഫുട്‌ബോളറുടെയും കരിയറില്‍ ഒഴിവാക്കാനാവാത്ത വിധം സ്വാഭാവികമായി ഒരിക്കല്‍ സംഭവിക്കേണ്ട കാര്യമാണ് പടിയിറക്കം . ഒരു ഫുട്‌ബോളറുടെ വിഷന്റെ പീക്ക് പലതവണ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ മെസ്സിക്ക് ഗോളടി യന്ത്രമെന്ന പദവിക്ക് കോട്ടം തട്ടിയാലും കുറച്ചു കാലം കൂടെ ഫുട്‌ബോളറെന്ന നിലയിലൊരു എക്സ്റ്റന്‍ഡഡ് കരിയര്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല.
ഒരു മിഡ് ഫീല്‍ഡറുടെ ഉള്‍ക്കാഴ്ചയും പിന്‍ പോയന്റ് പാസിംഗ് മികവും സ്വന്തമായുള്ള മെസ്സിക്ക് മധ്യനിരയിലെ ജനറലിന്റെ റോളിലേക്ക് ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ അനായാസം സാധ്യമായില്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടി വരിക. ഫുട്‌ബോള്‍ വിതൗട്ട് മെസ്സ. പലര്‍ക്കും ഇപ്പോഴത് ചിന്തിക്കാന്‍ പോലും കഴിയാത്തതാണെങ്കിലും ഉദിച്ചുയരുന്നതെന്തും അസ്തമിച്ചേ മതിയാകൂ. ഫുട്‌ബോള്‍ മെസ്സിയില്ലാതെയും സുന്ദരമായിത്തന്നെ ഒഴുകിയേക്കുമെങ്കിലും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മറ്റാര്‍ക്കും നിറക്കാന്‍ കഴിയാത്തൊരു ശൂന്യത ബാക്കിയാകുമെന്നതുറപ്പാണ്.
മഹത്തായ ഗോളുകള്‍ ഒരുപാടുണ്ട് . ഗെറ്റാഫക്കെതിരെ, റയലിനെതിരെ, ബില്‍ബാവോക്കെതിരെ ഐതിഹാസികമായ സോളോ ഗോളുകള്‍. ഡീഗോ മറഡോണ ചെയ്തിരുന്നത്, ഓണ്‍ എ റഗുലര്‍ ബേസിസ് അതിലും സ്ഥിരതയോടെ ആവര്‍ത്തിക്കുന്നത് കൊണ്ടെനിക്ക് മെസ്സിയുടെ സോളോ ഗോളുകളെ ഇത്തവണ മാറ്റി നിര്‍ത്താനാണ് തോന്നുന്നത്. അനായാസം ചെയ്യുന്ന ഒരു പ്രവര്‍ത്തിയെ എന്തിനിനിയും മഹത്വവത്കരിക്കണം. മെസ്സിയങ്ങനെ ചെയ്തില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. തിയറി ഹെന്റിയെ പോലെ മെസ്സിയുടെ വ്യത്യസ്തത നിറഞ്ഞ നീക്കങ്ങളെയും ഗോളുകളെയും വീക്ഷിക്കുന്നതാണ് ഇപ്പോഴിഷ്ടം. ഹെന്റി അവിശ്വസനീയതയോടെ വിശദീകരിക്കുന്ന മലാഗക്കെതിരെയുള്ളൊരു ഗോളുണ്ട്. ഡയഗണല്‍ പന്താണ്,ടച്ച് ലൈനിനു ചേര്‍ന്ന് നിന്ന് ചെസ്റ്റില്‍ സ്വീകരിക്കുന്ന മെസ്സി പക്ഷെ വെറുതെയങ്ങു സ്വീകരിക്കുകയില്ല. ഒപ്പമുള്ള ഡിഫന്‍ഡറെ നളളിഫൈ ചെയ്യുന്നൊരു ചെസ്റ്റ് കൊണ്ടുള്ളൊരു പുഷിലൂടെയാണ് പന്ത് സ്വീകരിക്കുന്നത്.
പല ഇതിഹാസങ്ങളുടെയും ഫസ്റ്റ് ടച്ചിന്റെ മികവ് നമ്മള്‍ വിവരിക്കാറുള്ളതാണ്. ഇവിടെ ചെസ്റ്റ് കൊണ്ടാണ് ഫസ്റ്റ് ടച്ച് എന്ന് മാത്രമല്ല അവിടെയൊരു ഇമ്പ്രോവൈസേഷനുമുണ്ട്. നില തെറ്റി സ്തബ്ധനായ ഡിഫന്‍ഡര്‍ സമനില വീണ്ടെടുക്കുമ്പോഴേക്കും അതിവേഗതയില്‍ കുതിച്ച മെസ്സി ബോക്‌സിലുണ്ട്. തൊട്ടുപുറകിലായി ഓടുന്നയാള്‍ക്ക് മെസ്സിയെ ക്യാച് ചെയ്യാന്‍ കഴിയില്ലെന്ന തോന്നലിനൊപ്പം ബോക്‌സിലേക്ക് കടക്കുന്ന മെസ്സിയെ തടയാന്‍ എത്തുന്ന ഡിഫന്‍ഡറെ ഇടതുകാല്‍ കൊണ്ട് പന്ത് ചെറുതായൊന്നു വലതുവശത്തേക്ക് തട്ടി കബളിപ്പിച്ച് ഒഴിവാക്കുകയാണ്. അതിനകം മെസ്സിയുടെ വലതുഭാഗത്ത് ഒപ്പമെത്തി കഴിഞ്ഞിരുന്ന ആദ്യത്തെ കളിക്കാരനും നമ്മളും കരുതുന്നത് അയാളാ പന്ത് ക്ലിയര്‍ ചെയ്യുമെന്നാണ്. ബട്ട് ഇറ്റ്‌സ് മെസ്സി.
നിലത്ത് നിന്നല്പം ഉയരുന്ന പന്തിനെ അതേ ഇടതുകാല്‍ കൊണ്ടടുത്ത ടച്ചിലൂടെ ആദ്യത്തെ കളിക്കാരനില്‍ നിന്നും ഒഴിവാക്കിയതിനു ശേഷം നിയന്ത്രണം വിട്ടു വീഴാന്‍ പോകുന്ന സമയത്ത് വലതു കാല്‍ കൊണ്ടൊരു ബുള്ളറ്റ് ഷോട്ട് ഗോള്‍ കീപ്പറെയും പരാജയപ്പെടുത്തി കൊണ്ട് വലയിലേക്ക്. ശ്രദ്ധിക്കേണ്ട കാര്യം വലത് കാല്‍ കൊണ്ടെന്നുള്ളതാണ്.ആയൊരു പര്‍ട്ടികുലര്‍ ഗോളില്‍ സാഹചര്യങ്ങളും സാധ്യതകളുമെല്ലാം മെസ്സിക്കെതിരാണ് എന്ന് മാത്രമല്ല ബോക്‌സിലെത്തിയ ശേഷം സംഭവിക്കുന്നതെല്ലാം ചിന്തിക്കാന്‍ സമയമില്ലാത്ത രീതിയില്‍ ഒരൊറ്റ മോഷനില്‍ ,ഒരേ വേഗതയിലാണ്. വാക്കുകള്‍ക്കായി പരതുന്ന ആസ്വാദകര്‍ക്ക് അത് ക്ളാസ്സിന്റെ എക്‌സിബിഷനാണ്. ഇറ്റ്‌സ് പ്യുവര്‍ ജീനിയസ്, പോയട്രി ഇന്‍ മോഷന്‍…
ഒരു ഫുട്‌ബോളിനെ സ്പര്‍ശിച്ചിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച കാലുകളുടെ ഉടമയെയാണ് നമ്മള്‍ കണ്ടിരിക്കുന്നത്. ദ മോസ്റ്റ് കമ്പ്‌ലീറ്റഡ് ഫുട്‌ബോളര്‍ വി ഹാവ് എവര്‍ സീന്‍. വിമര്‍ശകര്‍ പോലും രഹസ്യമായി ആരാധിക്കുന്ന സമാനതകളില്ലാത്ത പ്രതിഭ..
Read more
കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്