മെസിയെ കാത്തിരിക്കുന്നത് പഴയ ശത്രു; കൈകൊടുക്കുന്നത് കാത്ത് ആരാധകര്‍

ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് വ്യക്തിപരമായ വൈരങ്ങളുടെ കഥകളും ഏറെ പറയാനുണ്ട്. ഡേവിഡ് ബെക്കാമിനെ ചതിച്ച ഡീഗോ സിമിയോണിയും ജോര്‍ജിയോ കെല്ലിനിയെ കടിച്ച ലൂയിസ് സുവാരസും മാര്‍ക്കോ മറ്റരാസിയെ ഇടിച്ചിട്ട സിനദിന്‍ സിദാനും കളത്തിലെ ശത്രുതയുടെ ദൃഷ്ടാന്തങ്ങളാണ്. ലോകത്ത് ഏറ്റവും പണക്കൊഴുപ്പും മത്സരാധിക്യവുമുള്ള സ്പാനിഷ് ലീഗില്‍ ദ്വന്ദ യുദ്ധങ്ങള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിരുന്നില്ല. ബാഴ്‌സലോണയുടെ മുന്നേറ്റത്തിലെ ചാട്ടുളിയായ അര്‍ജന്റൈന്‍ ഫോര്‍വേഡ് ലയണല്‍ മെസിയും റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസും തമ്മിലെ ശത്രുത കുപ്രസിദ്ധമാണ്. കളിക്കിടെ മെസിയും റാമോസും പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുണ്ട്. എന്നാല്‍ അതൊക്കെ ഇനി പഴയകഥയാവും. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കുവേണ്ടി ബൂട്ടുകെട്ടാന്‍ ഒരുങ്ങുകയാണ് മെസിയും റാമോസും. മെസി റാമോസിന് കൈകൊടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.

മെസി ബാഴ്‌സക്കായും റാമോസ് റയലിനായും കളിച്ച കാലത്ത് ഇരുവരും പലവട്ടം മുഖാമുഖം നിന്നവരാണ്. മെസിയുടെ വേഗവും പന്തടക്കവും പ്രതിരോധന നിരയെ വെട്ടിച്ചുകയറാനുള്ള മികവും റാമോസിന്റെ തന്ത്രപരവും എന്നാല്‍ ഏറെക്കുറെ പരുക്കനുമായ അടവുകളും തമ്മിലെ ഉരസല്‍ പലപ്പോഴും കളത്തില്‍ സംഘര്‍ഷം തന്നെ സൃഷ്ടിച്ചു. ഫുട്‌ബോള്‍ ചരിത്രത്തിലെ വിഖ്യാത പോരാട്ടങ്ങളിലൊന്നായ എല്‍ ക്ലാസിക്കോയാണ് റാമോസും മെസിയും തമ്മിലെ വൈരം മൂര്‍ച്ഛിപ്പിച്ചത്.

എല്‍ ക്ലാസിക്കോയില്‍ മെസിയെ ഫൗള്‍ ചെയ്ത കുറ്റത്തിന് രണ്ടു തവണ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയിട്ടുണ്ട്. 2019ലെ എല്‍ ക്ലാസിക്കോയില്‍ മെസിയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ഇടിച്ച റാമോസ് പരുക്കന്‍ അടവിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. കോപാവേശത്താല്‍ മെസിയും റാമോസും മുഖത്തോട് മുഖംനോക്കി പോരടിച്ചു. ഇരുവരും തമ്മില്‍തല്ലിലേക്ക് നീങ്ങവെ റയലിലെയും ബാഴ്‌സയിലെയും മറ്റു താരങ്ങള്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Read more

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായ റാമോസ് എതിരാളിയുടെ ഗോള്‍വഴിയടയ്ക്കാന്‍ പരമാവധി ശ്രമിക്കും. റാമോസിലെ കടുപ്പക്കാരനായ പ്രതിരോധഭടനും മെസിയിലെ ചടുലതയുള്ള ഫോര്‍വേഡും തമ്മിലുള്ള മാറ്റുരയ്ക്കല്‍ എല്‍ ക്ലാസിക്കോകളെസംഭവ ബഹുലമാക്കിയിരുന്നെന്ന് ആരും സമ്മതിക്കും. അതേസമയം, സ്വന്തംടീമുകള്‍ക്കായി വീറോടെ പൊരുതുമ്പോഴും മെസിയും റാമോസും പരസ്പ്പര ബഹുമാനം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ രണ്ടുപേരും പിഎസ്ജിയില്‍ ഒന്നിക്കുമ്പോള്‍ സൗഹൃദത്തിന്റെ പുതിയ കാഴ്ചകള്‍ കണ്ടേക്കാം.