'ബാഴ്‌സിലോണയെ വെല്ലാൻ ആർക്കേലും സാധിക്കുമോ'; ടീമിനെ വാനോളം പുകഴ്ത്തി ഹാൻസി ഫ്ലിക്ക്

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ നേടിയിരിക്കുന്നത്. അലവാസിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ ഹാട്രിക്കാണ് അവർക്ക് തുണയായിട്ടുള്ളത്. രണ്ട് അസിസ്റ്റുകൾ റാഫിഞ്ഞ സ്വന്തമാക്കിയപ്പോൾ ഒരു അസിസ്റ്റ് ഗാർഷ്യയുടെ വകയായിരുന്നു.

ബാഴ്സിലോണയുടെ മികച്ച പ്രകടനത്തെ കുറിച്ചും, മുന്നേറ്റ നിരയിലെ താരങ്ങളുടെ ഉയർന്ന മികവിനെ കുറിച്ചും വാനോളം പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് പരിശീലകനായ ഹാൻസി ഫ്ലിക്ക്. ഈ താരങ്ങൾ അവിശ്വസനീയം ആണെന്നാണ് പരിശീലകൻ അഭിപ്രായപ്പെടുന്നത്.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

” തീർച്ചയായും അവർക്കിടയിൽ കെമിസ്ട്രി ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ വർക്ക് ചെയ്തിരുന്നു. എല്ലാ ട്രെയിനിങ്ങുകളിലും ടാക്റ്റികൽ സൈഡും പൊസിഷനുകളും കൃത്യമായി അവർക്ക് വിശദീകരിച്ച് നൽകേണ്ടതുണ്ട്. അവർ മികച്ച രൂപത്തിൽ തന്നെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. അവിശ്വസനീയമായ രീതിയിലാണ് ഈ താരങ്ങൾ കളിക്കുന്നത്. ഞങ്ങൾ ഒരുപാട് ഗോളുകൾ നേടുന്നുണ്ട്. അത് നല്ല കാര്യമാണ്, ഞങ്ങളെ സഹായിക്കുകയും ചെയ്യും. അടുത്ത മത്സരങ്ങളിൽ ആത്മവിശ്വാസം പകർന്നു നൽകുക ഇത്തരം ഗോളുകളാണ്. നല്ല രീതിയിൽ കളിക്കുക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ ആശയം ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ലാലിഗയിൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് ബാഴ്‌സ നേടിയിരിക്കുന്നത്. ബാഴ്‌സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി 10 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി കഴിഞ്ഞു. റാഫിഞ്ഞ 5 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയപ്പോൾ യമാൽ 4 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.